മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു; പോലീസിന്റെ ക്രൂരതക്ക് ഒത്താശ ചെയ്ത് സര്‍ക്കാര്‍

ബുന്ദേല്‍ഖണ്ഡ്: വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിനെതിരേ സമരം ചെയ്ത കര്‍ഷകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വിവസ്ത്രരാക്കി മര്‍ദിച്ചു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണു സംഭവം. കര്‍ഷകരെ പോലീസ് സ്റ്റേഷനില്‍ വിവസ്ത്രരാക്കി നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വസ്ത്രം കൈയില്‍ പിടിച്ച് കര്‍ഷകര്‍ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ജില്ലാ ഭരണകൂട കാര്യാലയത്തിനുമുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുകയായിരുന്നു കര്‍ഷകര്‍. ഈ സമരത്തെ നേരിടാനെത്തിയ പോലീസ് കര്‍ഷകര്‍ക്കുനേരെ ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഇതിനുശേഷമാണ് തങ്ങളെ സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചതെന്നും വിവസ്ത്രരാക്കിയതെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ പോലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞതുകൊണ്ടാണ് കര്‍ഷകരെ അറസ്റ്റ് ചെയ്തതെന്നാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ വിശദീകരണം.

ഈ വര്‍ഷം ജൂണില്‍ നടന്ന കര്‍ഷക സമരത്തിനിടെയുണ്ടായ പോലീസ് വെടിവയ്പില്‍ ബുന്ദേല്‍ഖണ്ഡില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1982 കര്‍ഷകര്‍ മരിച്ചതായാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്.