മീശ പിരിച്ച് വച്ച ദളിതന് മര്‍ദ്ദനം;എന്നാല്‍ പിന്നെ കാണണമല്ലോ, മീശ പിരിച്ചു വച്ചുള്ള ‘മിസ്റ്റര്‍ ദളിത്’ പ്രതിഷേധം വൈറല്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മീശ പിരിച്ചു വച്ച ദളിത് യുവാവിനെ സവര്‍ണ്ണ ജാതിക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ മീശ പിരിച്ച പ്രൊഫൈലുമായി വാട്‌സ് ആപ്പ് പ്രതിഷേധം. കഴിഞ്ഞദിവസമാണ് ദളിത് യുവാക്കളെ മീശ വച്ചതിന് സവര്‍ണജാതിക്കാര്‍ മര്‍ദിച്ച വാര്‍ത്ത ഗുജറാത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് ആ നാട്ടിലെ ചെറുപ്പക്കാര്‍ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. മീശ പിരിച്ച് വച്ച ചിത്രം തന്നെ വാട്‌സ് ആപ്പ് പ്രൊഫൈലാക്കിയാണ് ഇവര്‍ പ്രേതിഷേധം നടത്തിയത്.ഇത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

മീശ പിരിച്ച ചിത്രത്തിന് താഴെ മിസ്റ്റര്‍ ദളിത് എന്ന് എഴുതിയ ഫോട്ടോകളാണ് ദളിത് യുവാക്കള്‍ വ്യാപകമായി തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആക്കിയിരിക്കുന്നത്. ചിലര്‍ ട്വിറ്ററില്‍ മിസ്റ്റര്‍ ദളിത് എന്ന ഹാഷ് ടാഗിനൊപ്പം മീശപിരിച്ച ചിത്രവും പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

മീശ വച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച പീയുഷ് എന്ന ദളിത് യുവാവിനെയും സുഹൃത്തിനെയും രജപുത് വിഭാഗത്തില്‍ പെട്ടവര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പീയുഷിന്റെ ബന്ധുവായ ദിഗന്ത് എന്ന 17കാരനെ ചൊവ്വാഴ്ച രണ്ടുപേര്‍ ആക്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വ്യത്യസ്തമായ ഈ പ്രതിഷേധം.