തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച് കലക്ടര്‍ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഇത് സംബന്ധിച്ച് ഇന്ന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. മാര്‍ത്താണ്ഡം കായല്‍ നികത്തിയെടുത്ത പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയല്ലെന്നാണ് റിസോര്‍ട്ട് അധികൃതരുടെ വാദം. ഇതുസംബന്ധിച്ച രേഖകള്‍ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്ന് റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് നിലം നികത്തല്‍ സംബന്ധിച്ചു രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നുവരെ സമയം ചോദിച്ചിരുന്നു.

കലക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ലേക്ക് പാലസ് സിനു സമീപം പരിശോധന നടത്തിയിരുന്നു. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.

ജലവിഭവ വകുപ്പ് അമിതവില നിശ്ചയിച്ചതിനെ തുടര്‍ന്നു മണ്ണ് പാടശേഖരത്തില്‍ത്തന്നെ കിടക്കുകയാണ്. പരോക്ഷമായി പാടശേഖരം നികത്താനാണ് ഈ രീതിയില്‍ നീക്കം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്നാണു കലക്ടര്‍ ഇവിടെ പരിശോധന നടത്തിയത്. പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഉടമസ്ഥനെ കണ്ടെത്താനായി റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് നടക്കുന്ന ഹിയറിംഗിലും അനുമതി രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ പാര്‍ക്കിംഗ് സ്ഥലവും പ്രധാന ഗേറ്റിലേക്കുള്ള അപ്രോച്ച് റോഡും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് പൊളിച്ചുമാറ്റി നെല്‍പ്പാടം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികളുമായി ജില്ലാ കളക്ടര്‍ മുന്നോട്ട് പോകും.