യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് തിന്നു

സുമാത്ര ഐലന്റ്: യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് ഭക്ഷണമാക്കി. സുമാത്ര ഐലന്റിലെ ബതാംഗ് ഗന്‍സല്‍ ജില്ലയിലാണ് സംഭവം.

എണ്ണപ്പന തോട്ടത്തിലെ സുരക്ഷാ ഗാര്‍ഡായ റോബര്‍ട്ട് നബബന്‍ തോട്ടത്തിലൂടെ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പെരുമ്പാമ്പിനെ കാണുന്നത്. പെട്ടന്ന് തന്നെ ഇയാള്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കി. എന്നാല്‍ ചാക്കില്‍ നിന്നും പുറത്ത് കടന്ന പെരുമ്പാമ്പ് നബബനെ ചുറ്റി വരിഞ്ഞ ശേഷം വിഴുങ്ങാന്‍ തുടങ്ങി.

ഇതിനിടയില്‍ നബബന്റെ ഒരു കൈ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. സഹായത്തിനായി അലറി വിളിച്ച നബബന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമീണരും ചില സുരക്ഷ ഗാര്‍ഡുകളും ചേര്‍ന്ന് പാമ്പിനെ കൊന്ന് ഇയാളെ രക്ഷിക്കുകയായിരുന്നു. പിന്നീടവര്‍ പാമ്പിനെ മുറിച്ച് കഷണമാക്കി പാകം ചെയ്ത് ഭക്ഷിച്ചു.

നബബനെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാമ്പിന് 20 അടിയോളം നീളമുണ്ടായിരുന്നു. ഇന്തോനേഷ്യയിലും ഫിലിപ്പൈനിലും സാധാരണ കണ്ടുവരുന്ന ഇനത്തില്‍പ്പെട്ട ഭീമന്‍ പെരുമ്പാമ്പാണിത്. ഇവ തരാം കിട്ടിയാല്‍ മനുഷ്യനെയും അകത്താക്കാറുണ്ട്.

മാര്‍ച്ചില്‍ ഇന്തോനേഷ്യയില്‍ മനുഷ്യനെ വിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. പാടത്ത് അനങ്ങാനാവാതെ കിടന്ന പെരുമ്പാമ്പിനെ കൊന്ന് വയര്‍ പൊട്ടിക്കുന്നതിനിടയിലാണ് മനുഷ്യ രൂപം കണ്ടെത്തിയത്.