അതിസമ്പന്നര്‍ക്ക് മേല്‍ അധികനികുതി ചുമത്താനുള്ള ആലോചനയില്‍ കേന്ദ്രം

രാജ്യത്തെ അതിസമ്പന്നരായ വ്യക്തികള്‍ക്ക്മേല്‍ വീണ്ടുമൊരു നികുതികൂടി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിശ്ചിത വരുമാനത്തിന് മുകളിലുള്ളവരില്‍നിന്ന് അഞ്ച് മുതല്‍ പത്ത് ശതമാനംവരെ നികുതി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ രാജ്യത്ത് 1000 കോടിക്കുമുകളില്‍ ആസ്തിയുള്ള 617 പേരുണ്ടെന്നാണ് ഷാങ്ഹായിയിലെ ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരിക്കുന്നത്.

ഇന്‍ഹരിറ്റന്‍സ് ടാക്‌സ് എന്നും എസ്റ്റേറ്റ് ഡ്യൂട്ടിയെന്നും അറിയപ്പെടുന്ന ഈ നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ശേഖരിച്ചുതുടങ്ങി. 1953മുതല്‍ ഇന്‍ഹരിറ്റന്‍സ് ടാക്‌സ് ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കിലും 1986ല്‍ ഇത് നിര്‍ത്തലാക്കിയിരുന്നു. അടുത്ത ബജറ്റില്‍ പുതിയ നികുതി പ്രഖ്യാപിച്ചേക്കുമെന്നും വിവരങ്ങള്‍ ഉണ്ട്.