പട്ടിണിയിലും രാഷ്ട്രീയമുതലെടുപ്പ് ; യത്തീം ഖാനയിലാക്കിയ ഹിന്ദുകുട്ടികളെ ബിജെപിക്കാര്‍ ഹൈന്ദവ അനുബന്ധ സ്ഥാപനത്തിലേക്ക് കടത്തി

പാലക്കാട് : പട്ടിണിയും ദാരിദ്ര്യവും രാഷ്ട്രീയ മുതലെടുപ്പിനായി പാര്‍ട്ടികള്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് കാലങ്ങളായി. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യിലെ പാവകളായി മാറുകയാണ് ഈ നാട്ടിലെ പട്ടിണിപാവങ്ങള്‍. കേരളം തന്നെ ഏറെ വിഷമത്തോടെ വായിച്ചറിഞ്ഞ ഒരു വാര്‍ത്തയാണ് വീട്ടിലെ പട്ടിണിയെ തുടര്‍ന്ന് അഞ്ച് മക്കളെ അഗതി മന്ദിരത്തിലാക്കേണ്ടിവന്ന അമ്മയുടെ കഥ. സമയത്ത് ആഹാരം കഴിക്കുവാന്‍ പോലും കഴിയാതെ വന്നതോടെയാണ് ഈ അമ്മ തന്‍റെ മക്കളെ ഒരു യത്തീം ഖാനയില്‍ കൊണ്ടാക്കിയത്. മാത്രുഭൂമി ന്യൂസ് ആണ് ഈ വിവരം പുറം ലോകത്തിനെ അറിയിച്ചത്. എന്നാല്‍ വാര്‍ത്തയറിഞ്ഞ് സംസ്ഥാന സര്‍ക്കാരും ചൈല്‍ഡ് ലൈനും പ്രശ്‌നത്തില്‍ ഇടപെട്ട് കുട്ടികളെ അമ്മയോടൊപ്പം തന്നെ തിരിച്ചയച്ചിരുന്നുവെങ്കിലും ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടിലെത്തിയ ബി.ജെ.പി വനിതാ നേതാക്കള്‍ അടക്കം കുട്ടികളെ ഒറ്റപ്പാലത്തിനടുത്ത തൃശ്ശൂര്‍ ജില്ലയില്‍ പെട്ട തണല്‍ എന്ന ബി.ജെ.പി അനുബന്ധ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ വാര്‍ത്തയറിഞ്ഞ് സംസ്ഥാന സര്‍ക്കാരും മറ്റും ഇവരുടെ സുരക്ഷയ്ക്കായി നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ബി.ജെ.പി നേതാക്കള്‍ സ്ഥലത്തെത്തി കുട്ടികളെ കടത്തിയത്. കുട്ടികളെ കാണാന്‍ പഞ്ചായത്ത് അധികൃതരും മറ്റും സ്ഥലത്തെത്തിയപ്പോഴാണ് ഇവരെ ദൂരെയുള്ള അഗതി മന്ദിരത്തിലേക്ക് മാറ്റിയതായി അറിഞ്ഞത്. കുട്ടികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ചൈല്‍ഡ് ലൈന്‍ സ്ഥാപന അധികൃതരെ അറിയിച്ചിട്ടുണ്ട്. കുട്ടികളെ യത്തീംഖാനയ്ക്ക് കൈമാറിയതില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി അധികൃതര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വീട്ടിലെ കഷ്ടപ്പാട് കാണിച്ച് പല രാഷ്ട്രീയക്കാര്‍ക്ക് മുന്‍പിലും ഈ അമ്മയും കുട്ടികളും എത്തിയിരുന്നു എന്നും. അപ്പോഴെല്ലാം അവരെ തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഈ നാടകം കളിക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.