ധോണിയെ ഇന്നത്തെ ധോണിയാക്കിയത് സൗരവ് ഗാംഗുലിയെന്ന് വീരേന്ദര്‍ സെവാഗ്……
ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമാക്കി മാറിയതിനു പിന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ അന്ന് നായകനായിരുന്ന ഗാംഗുലി തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ ധോണി എന്ന മികച്ച ബാറ്റ്‌സ്മാന്‍ ഉണ്ടാവില്ലായിരുന്നുവെന്നും സെവാഗ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ടീമിന് മികച്ച തുടക്കം ലഭിച്ചാല്‍ ഗാംഗുലി മൂന്നാമനായിത്തന്നെ ഇറങ്ങട്ടെയെന്നും അല്ലാത്തപക്ഷം ഇര്‍ഫാന്‍ പത്താനെയോ ധോണിയേയോ പോലെ ഉള്ള വമ്പനടിക്കാരെ ഇറക്കാമെന്നുമായിരുന്നു അന്നുള്ള തീരുമാനം. ദാദയുടെ ഈ തീരുമാനമാണ് ധോണിയുടെ ക്രിക്കറ്റ് ജീവിതം തന്നെ മാറ്റിമറിച്ചതിനു പിന്നില്‍ സെവാഗ് പറഞ്ഞു.
എല്ലാക്കാലത്തും യുവതാരങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു ഗാംഗുലിയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ദാദയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡും ധോണിയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും വീരു പറഞ്ഞു. ദ്രാവിഡ് ക്യാപ്റ്റനായിരുന്ന കാലത്താണ് ധോണി മികച്ച ഫിനിഷറായി മാറിയതെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.









