സേവനനികുതി നല്‍കി മടുത്തു ; രാജ്യത്തെ ആദ്യ ക്യാഷ് ലെസ്സ് ഗ്രാമം വീണ്ടും പഴയ നിലയിലായി ; ക്യാഷ് ലെസ്സ് എന്ന മുദ്രാവാക്യത്തിന് മുന്നറിയിപ്പ്

രാജ്യത്തെ ആദ്യ ‘പണരഹിത ഗ്രാമം’ എന്ന പേരില്‍ വാര്‍ത്ത‍കളില്‍ ഇടം നേടിയ ഗ്രാമമാണ് തെലങ്കാന ഇബ്രാഹിംപുര്‍. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി മുന്നോട്ടുവെച്ച ക്യാഷ് ലെസ്സ് എന്ന ആശയം സാക്ഷാത്കാരിക്കാന്‍ ഇവിടെയുള്ള ജനങ്ങള്‍ കൈകോര്‍ത്തതിനെ തുടര്‍ന്നാണ്‌ ഗ്രാമത്തിന് ഈ പേര് ലഭിച്ചത്. എല്ലാ ഇന്ത്യാക്കാരും ഇവരെ മാതൃകയാക്കണം എന്നും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഗ്രാമത്തിലെ ഓട്ടോയിലും പെട്ടിക്കടയിലും എന്തിന് മുറുക്കാന്‍ കടയില്‍ പോലും പണമിടപാടിനായി ഇലക്രോണിക് മെഷീനുകളായിരുന്നു (ഇ-പോസ്) ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ സംഗതി തുടങ്ങിയത് ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോള്‍ എല്ലാം കൈവിട്ട മട്ടാണ്. സര്‍ക്കാരിന്റെ വാക്ക് കേട്ട് ക്യാഷ് ലെസ്സ് ആയ ഗ്രാമവാസികള്‍ സേവനനികുതി എന്ന കൊടുവാള്‍ കാണാതെ പോയതാണ് പണിയായത്. ചെറിയ കച്ചവടക്കാര്‍ ഏറെയുള്ള ഈ ഗ്രാമത്തില്‍ മാസം 1400 രൂപയാണ് ഇ-പോസിന് കച്ചവടക്കാര്‍ വാടക നിരക്കായി മാത്രം നല്‍കേണ്ടിവരുന്നത്. ഈ അവസരം മുതലാക്കി ബാങ്കുകള്‍ നാട്ടുകാരെ പരമാവധി ചൂഷണം ചെയ്യാന്‍ തുടങ്ങിയതോടെ ഇ-പോസ് മെഷീനുകള്‍ കൂട്ടത്തോടെ ബാങ്കില്‍ തിരിച്ചേല്‍പിക്കാന്‍ തുടങ്ങി.

കഴിഞ്ഞ ആറ് മാസത്തിനിടെ തനിക്ക് 10,000 രൂപയോളം ഇ-പോസ് ഉപയോഗം കൊണ്ട് മാത്രം നഷ്ടമായെന്ന് ഇവിടെയുള്ള ഒരു കച്ചവടക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. പണരഹിത ഇടപാട് വ്യാപകമായതോടെ എ.ടി.എം കാര്‍ഡ് കൈയിലില്ലാത്തവര്‍ക്ക് ഒരു പാക്കറ്റ് സ്‌നാക്‌സ് വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മെഷീനുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ചതോടെ എ.ടി.എം കാര്‍ഡുമായി എത്തുന്നവരോട് പണം മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നാണ്‌ ഇപ്പോള്‍ ഇവിടെയുള്ള കച്ചവടക്കാര്‍ പറയുന്നത്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ പോരാടാനാണ് പണരഹിത ഇടപാടിനെ തങ്ങള്‍ സ്വീകരിച്ചത്. പക്ഷെ ഉയര്‍ന്ന സേവനനിരക്ക് നല്‍കി മുന്നോട്ടുപോവാനാവുന്നില്ല. മെഷീന്‍ സേവന നിരക്കില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയാല്‍മാത്രം ഇതുമായി ഇനി മുന്നോട്ടുപോയാല്‍ മതി എന്നാണ് കച്ചവടക്കാരുടെ ഇപ്പോഴത്തെ നിലപാട്. ആദ്യത്തെ ക്യാഷ്‌ലെസ് ഗ്രാമത്തിന് തന്നെ വിഷയത്തില്‍ വലിയ തിരിച്ചടിയുണ്ടായതോടെ ഭാവിയില്‍ രാജ്യം മുഴുവന്‍ എങ്ങനെ ക്യാഷ് ലെസ്സ് ആക്കുവാന്‍ പറ്റും എന്നാണു സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉയരുന്നത്.