റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ല ; റേഷനരി ലഭിക്കാത്തത് കാരണം 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു

തൊടുന്നതിനും പിടിക്കുന്നതിനും അധാര്‍ നിര്‍ബന്ധമാക്കുന്ന നമ്മുടെ രാജ്യത്ത് ഇതാ അധാര്‍ കാരണം ഒരു രക്തസാക്ഷികൂടി. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ വിഹിതം നിഷേധിക്കപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയാണ് വിശന്നു മരിച്ചത്. ജാര്‍ഖണ്ഡിലെ സിമദേഗാ ജില്ലയിലാണ് സന്തോഷി കുമാരി എന്ന വിദ്യാര്‍ഥിനി പട്ടിണി മൂലം മരിച്ചത്. കുടുംബാംഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നുവെങ്കിലും സാങ്കേതിക പിഴവുമൂലം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അനാരോഗ്യം മൂലം സന്തോഷിയുടെ പിതാവിന് ജോലിയ്ക്ക് പോവാന്‍ കഴിയില്ല. അമ്മയും അവളുടെ മൂത്ത സഹോദരിയും വേപ്പിലകള്‍ പറിച്ച് മരുന്നുകടയില്‍ വിറ്റ് മാസം തോറും സമ്പാദിക്കുന്ന 80 രൂപയാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇളയ സഹോദന് അംഗന്‍വാടിയില്‍ നിന്ന് ലഭിക്കുന്ന ആഹാരം പങ്കിട്ട് കഴിച്ചാണ് ഈ കുടുംബം പലപ്പോഴും വിശപ്പ് മാറ്റിയിരുന്നത്.

അതുപോലെ സ്‌കൂളിലെ ഉച്ചഭക്ഷണമായിരുന്നു മരിച്ച കുട്ടിയുടെ ഏക ആശ്രയം. നവരാത്രിയോട് അനുബന്ധിച്ച് ദിവസങ്ങളോളം സ്‌കൂള്‍ അവധിയായതോടെ അതും 11 വയസുകാരിക്ക് കിട്ടാതായി. നവരാത്രി പ്രമാണിച്ച് സെപ്തംബര്‍ 20 ന് സ്‌കൂളടച്ചു. 27നാണ് കടുത്ത വയറുവേദന അനുഭവപ്പെട്ട് തുടങ്ങിയത്. പിറ്റേദിവസം അവള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സന്തോഷിയുടെ അമ്മയില്‍ നിന്ന് വിവരങ്ങളറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകരാണ് വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. തന്‍റെ മകള്‍ വിശന്നാണ് മരിച്ചത് എന്ന് ആ അമ്മ കണ്ണിരോടെ പറയുന്നു. സന്തോഷിയുടെ കുടുംബത്തിന് റേഷന്‍ നിഷേധിച്ചിരുന്നതായി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ സഞ്ജയ് കുമാര്‍ കൊംഗാരി സ്ഥിരീകരിച്ചു. പക്ഷേ, സന്തോഷിയുടെ മരണം മലേറിയ കാരണമാണ് എന്നും അവര്‍ പറയുന്നു. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. അങ്ങനെ ചെയ്യാത്തവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ നല്‍ക്കുന്നുമില്ല. സര്‍ക്കാരിന്റെ ഈ പിടിവാശിയില്‍ ഒരു കുരുന്നിന്റെ ജീവനാണ് പൊലിഞ്ഞത്. അല്ലെങ്കില്‍ തന്നെ ഈ പട്ടിണി പാവങ്ങള്‍ മരിച്ചാല്‍ ഇവര്‍ക്കൊക്കെ എന്ത് ചേതം.