സി പി എംകാരുടെ കണ്ണ് ചൂഴ്ന്നെടുക്കും എന്ന് പ്രസ്താവന ; നടന്‍ അലന്‍സിയര്‍ പോലീസില്‍ പരാതി നല്‍കി
സി.പി.എം. പ്രവര്ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവിന്‍റെ പ്രസ്താവനക്കെതിരെ നടന്‍ അലന്‍സിയര്‍ പോലീസില്‍ പരാതി നല്കി. കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലാണ് ബിജെപി വനിതാ നേതാവ് സരോജ് പാണ്ഡയ്ക്ക് എതിരെ അലന്‍സിയര്‍ പരാതി നല്‍കിയത്. കറുത്ത തുണി കൊണ്ട് കണ്ണുകള്‍ മറച്ചാണ് അലന്‍സിയര്‍ എത്തിയത്.തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണം, ഇത് ഒരു ജനരക്ഷായാത്രയല്ലെന്നും നേത്രസംരക്ഷണ യാത്രയാണ് എന്നും അദ്ധേഹം പറഞ്ഞു. ഭാരതം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിമയല്ല. പശുവിനെ സംരക്ഷിക്കുന്നതിന് പകരം മനുഷ്യന് ശ്വാസം കൊടുക്കുവാനും പാര്‍പ്പിടം കൊടുക്കുവാനുമാണ് ഭരണത്തിലിരിക്കുവര്‍ ശ്രദ്ധിക്കേണ്ടത്.
ജീവശ്വാസം കൊടുക്കാതെ കുട്ടികളെ കൊല്ലുന്നവരാണ് കേരളത്തില്‍ വന്ന് കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറയുന്നത്. കേരളം ഉത്തര്‍പ്രദേശോ ഗുജറാത്തോ അല്ല. ഇന്നത്തെ കാലത്ത് നിശബ്ദനായിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഭരണാധികാരികള്‍ ചരിത്രത്തെ മാറ്റുവാനാണ് ശ്രമിക്കുന്നത് എന്നും അതിനു എതിരെയാണ് തന്‍റെ ഒറ്റയാള്‍ പോരാട്ടം എന്നും അലന്‍സിയര്‍ പറയുന്നു.









