പനാമ രേഖകള്‍ ; വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകയെ കാര്‍ ബോംബ് വെച്ച് കൊലപ്പെടുത്തി
ലോകത്തെ തന്നെ പിടിച്ച് കുലുക്കിയ പനാമ പേപ്പേഴ്‌സ് അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ഡാഫിന്‍ ഗലീസിയ കരോണ(53) കൊല്ലപ്പെട്ടു. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ കാറില്‍ ബോംബുപൊട്ടിയാണ് ഗലീസിയ കൊല്ലപ്പെട്ടത്. മാള്‍ട്ട പ്രധാനമന്ത്രിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വീട്ടില്‍ നിന്ന് മോസ്റ്റ നഗരത്തിലേയ്ക്ക് സ്വന്തം കാറില്‍ പോകവേയാണ് കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതെന്ന് പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം മാള്‍ട്ടാ പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റിന് എതിരായ വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. ജോസഫ് മസ്‌കാറ്റും രണ്ട് അനുയായികളും പനാമ ഷെല്‍ കമ്പനിയും അസര്‍ബെയ്ജാന്‍ പ്രസിഡണ്ടിന്റെ മകളും ചേര്‍ന്ന് നടത്തിയ അഴിമതി സംബന്ധിച്ചായിരുന്നു വാര്‍ത്ത. ഇത് വലിയ ഒച്ചപ്പാടുകള്‍ക്ക് വഴി തുറന്നിരുന്നു.
ഗലീസിയയുടേത് രാഷ്ട്രീയ കൊലപാതകം ആണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മാള്‍ട്ടയിലെ ഊര്‍ജ്ജ മന്ത്രിയും പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റിന്റെ ഭാര്യയുമായ മിഷേലിന് അനധികൃത സ്വത്തുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത് ഗലീസിയ ആയിരുന്നു. കൊല്ലപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പും പ്രധാനമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു ലേഖനം അവര്‍ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെയും അവര്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തനിക്ക് വധഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി ഗലീസിയ രണ്ടാഴ്ച മുന്‍പ് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മാള്‍ട്ടയിലെ പത്രങ്ങളേക്കാള്‍ പ്രചാരമുണ്ട് ഗലീസിയയുടെ വെബ്‌സൈറ്റിന്. സ്‌ഫോടനാത്മകമായ പല വാര്‍ത്തകളും തന്റെ വെബ്‌സൈറ്റ് വഴി ഗലീസിയ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീ രൂപത്തിലുള്ള വിക്കിലീക്ക്‌സ് എന്നാണ് ഗലീസിയ അറിയപ്പെട്ടിരുന്നത്.