അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം ; ഓരോ മിനിറ്റിലും അഞ്ചുമരണം
ന്യൂഡല്‍ഹി : രാജ്യത്തിന്റെ ഭാവി തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഇന്ത്യക്ക് ഒരു ഒന്നാം സ്ഥാനം ലഭിച്ചു. അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണത്തിലാണ് ഇന്ത്യക്ക് ഒന്നാംസ്ഥാനം ലഭിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ആരോഗ്യമാസിക പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുള്ളത്. അന്തരീക്ഷ മലിനീകരണം കാരണം 2015 ല്‍ ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 25 ലക്ഷം പേര്‍ക്കാണ്‍. ഒരോ മിനിറ്റിലും അഞ്ചുപേര്‍ വീതം ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം മുലം മരണമടയുന്നുവെന്നാണ് കണക്കുകള്‍. ചൈനയ്ക്കാണ് രണ്ടാം സ്ഥാനം. ചൈനയില്‍ 18 ലക്ഷം പേര്‍ 2015 ല്‍ അന്തരീക്ഷ മലിനീകരണത്തിന്റെ ദുരന്തഫലമായി മരിച്ചു. ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് ആളുകളെ മരണത്തിലേക്ക് നയിക്കുന്നതെന്നും അന്താരാഷ്ട്ര പഠനത്തില്‍ പറയുന്നത്.
2015 ല്‍ ലോകത്താകെ 65 ലക്ഷം പേരാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ കാരണം മരിച്ചത്. ഇതില്‍ 25 ലക്ഷവും ഇന്ത്യയിലായിരുന്നുവെന്നത് പൌരന്മാരുടെ ജീവന് തന്നെ ഭീഷണിയായ കാര്യമാണ്. ലോകത്ത് അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണങ്ങളില്‍ 92 ശതമാനവും അവികസിത, വികസ്വര രാജ്യങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 460000 കോടി യുഎസ് ഡോളറാണ് ഓരോവര്‍ഷവും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന രോഗങ്ങള്‍ ചികിത്സിക്കാനും രോഗികളുടെ ക്ഷേമത്തിനായും ചിലവഴിക്കേണ്ടിവരുന്നത്. വായൂ മലിനീകരണം മാത്രമല്ല ജല മലിനീകരണം 18 ലക്ഷം ആളുകളുടെയും, തൊഴിലിടങ്ങളിലെ മലിനീകരണം എട്ട് ലക്ഷം ആളുകളുടെയും ജീവനെടുത്തിട്ടുണ്ട്. ഡല്‍ഹി ഐഐടി, യുഎസ്സിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവരാണ് പഠനം നടത്തിയത്.