ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ വായു മലിനീകരണ തോത് കുത്തനെ ഉയര്‍ന്നു; പത്തിരട്ടിയിലധികമുണ്ടായ വര്‍ധനവ് മനുഷ്യ ജീവന് ഭീഷണി
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് പത്തിരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വായു മലിനീകരണ തോത് വര്‍ധിച്ചതോടെ കനത്ത പുകമഞ്ഞും
നഗരത്തില്‍ രൂപപ്പെട്ടു. ആനന്ദ് വിഹാറില്‍! വായു മലിനീകരണത്തിന്റെ തോത് ആയിരമായി വര്‍ധിച്ചു. മിക്ക പ്രദേശങ്ങളിളെയും വായു മലിനീകരണ തോത് ജീവന് അപകടകരമായ അളവാണു രേഖപ്പെടുത്തിയത്. ശ്വാസകോശത്തില്‍ പ്രവേശിച്ചു രക്തത്തില്‍ കലര്‍ന്ന് മനുഷ്യരെ രോഗാവസ്ഥയിലാക്കുന്ന പി.എം 2.5, പി.എം 10 എന്നിവയുടെ അളവ് രാത്രി ഏഴിനുശേഷം കുത്തനെ ഉയരുകയായിരുന്നു.
ആര്‍.കെ പുരത്തെ വായുമലിനീകരണ തോത് അളക്കുന്ന കേന്ദ്രത്തില്‍ രാത്രി പതിനൊന്നോടെ പി.എം 2.5 – 878, പി.എം 10 – 1,179 എന്ന തോതിലാണ് രേഖപ്പെടുത്തിയത്. ഇവയുടെ അനുവദനീയ പരിധി യഥാക്രമം 60, 100 എന്നതാണ്. ഡല്‍ഹിക്കു സമീപനഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ പടക്കങ്ങള്‍ സാധാരണ പോലെ പൊട്ടിച്ചത് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ പ്രയോജനത്തെ ചോദ്യം ചെയ്യുന്നു.
ഇത്തരം വായു കൂടുതല്‍ ശ്വസിക്കുന്നതു ഗുരുതരമായ ശ്വാസകോശപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഡല്‍ഹി തലസ്ഥാന മേഖലയിലെ വായു മലിനീകരണം നേരിടാന്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജിആര്‍എപി) നടപ്പാക്കാനുള്ള അധികാരം സുപ്രീം കോടതി നിയോഗിച്ച എണ്‍വിറോണ്‍മെന്റ് പൊലൂഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അതോറിറ്റി (ഇപിസിഎ)യ്ക്കാണ്.