മുപ്പതു മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്ന് കൈകള്‍ കോര്‍ത്ത് പിടിച്ച് 245 പേര്‍ നദിയിലേക്കു ചാടി; കണ്ടു നിന്നവര്‍ ഞെട്ടി, കാരണമിതാണ്

സാവോപോളോ: ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയില്‍ നദിക്കു മുകളിലൂടെയുള്ള മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിനു മുകളില്‍നിന്ന് 245 പേര്‍ കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടിയപ്പോള്‍ കണ്ടു നിന്നവര്‍ ഒന്നാകെ ഞെട്ടി. ഇത്രയുംപേര്‍ എന്തിനാണ് ഈ പാലത്തിനു മുകളില്‍ നിന്ന് നദിയിലേക്കു ചാടിയതെന്നു ചിന്തയിലായിരുന്നു അത് കണ്ടു നിന്നവര്‍ മുഴുവനും. പിന്നീട് കാര്യം തിരക്കിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാകുന്നത്.

ഒരു റെക്കോര്‍ഡ് ലക്ഷ്യം വച്ചാണ് പാലത്തിനു മുകളില്‍നിന്ന് 245 പേര്‍ കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടിയ ത്. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാലത്തില്‍നിന്ന് ഒരുമിച്ചു ചാടി റെക്കോര്‍ഡിട്ടത്.ഓരോരുത്തരും നീളമുള്ള നൈലോണ്‍ കയര്‍ ശരീരത്തില്‍ ഉറപ്പിച്ച്, അതീവ സുരക്ഷാ സംവിധാനങ്ങളൊരുക്കിയ ശേഷമാണ് കൈകോര്‍ത്തുപിടിച്ച് പാലത്തില്‍ നിരന്നുനിന്ന് താഴേയ്ക്ക് ചാടിയത്. പക്ഷെ അവര്‍ നദിയിലേക്കു വീണില്ല, കയറില്‍ തൂങ്ങിക്കിടന്നു അവര്‍, പെന്‍ഡുലം പോലെ.

ഗിന്നസ് റെക്കോര്‍ഡ് ആവുമോ ഇവരുടെ ചാട്ടം എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍ 2016ല്‍ ഇതേ പാലത്തില്‍നിന്ന് ചാടിയ 149 പേര്‍ സ്ഥാപിച്ച അനൗദ്യോഗിക റെക്കോര്‍ഡ് ഇവര്‍ തകര്‍ത്തു. കൗതുകകരമായ ആ കാഴ്ച ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.