ഒടുവില്‍ ഫിഫയും ഞെട്ടി; ലോകക്കപ്പ് സെമി ടിക്കറ്റിനായി ക്യൂവില്‍ ലക്ഷങ്ങള്‍, ഫുട്ബോള്‍ സ്‌നേഹം നെഞ്ചോടു ചേര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍

കൊല്‍ക്കത്ത: ഇന്ത്യയില്‍ വിരുന്നെത്തിയ ഫുട്ബോള്‍ആവേശം ആദ്യ മത്സരം മുതല്‍ കെടാതെ സൂക്ഷിക്കുകയാണ് ഇന്ത്യയിലെ ഫുട്ബോള്‍  ആരാധകര്‍. ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായെങ്കിലും ബ്രസീലടക്കമുള്ള വമ്പന്‍ ടീമുകള്‍ക്ക് മികച്ച പിന്തുണയാണ് ഫുട്ബോള്‍ ആരാധകര്‍ ഇന്ത്യയിലും നല്‍കുന്നത്.

ഇന്ത്യക്ക് ഫുടബോളിനോടുള്ള സ്‌നേഹം ഫിഫയ്ക്കും ബോധിച്ച മട്ടാണ്. രാജ്യത്തെ ഫുട്‌ബോളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഇംഗ്ലണ്ട് സെമി കാണാന്‍ ടിക്കറ്റിന് വേണ്ടി ആരാധകര്‍ നടത്തുന്ന പിടിവലിയില്‍ കണ്ണുതള്ളിയിരിക്കുകയാണ് ഫിഫ. മഴമൂലം ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റിയ മത്സരത്തിനായി ആദ്യ മൂന്ന് മണിക്കൂറില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തത് 1.50ലക്ഷം പേരാണ്.

തിങ്കളാഴ്ച്ച വൈകിട്ട് ആറു മണിക്കാണ് വേദി കൊല്‍ക്കത്തയിലേക്ക് മാറ്റിയ വിവരം ഫിഫ ഔദ്യോഗികമായി അറിയിച്ചത്. എട്ടരയ്ക്ക് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ബുക്കിംഗിനായി ഒരു മണിക്കൂര്‍ മുമ്പ് തന്നെ 20,000ത്തോളം പേര്‍ ക്യൂവിലുണ്ടായിരുന്നതായി പ്രാദേശിക സംഘാടക സമിതി അധ്യക്ഷന്‍ ജോയ് ഭട്ടാചാര്യ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സാള്‍ട്ട് ലേക്കില്‍ സുരക്ഷ പരിഗണിച്ച് സീറ്റികളുടെ എണ്ണം 66,600 ആയി ഫിഫ കുറച്ചിരുന്നു. അവസാന നിമിഷം കൊല്‍ക്കത്തയിലേക്ക് മാറ്റിയ സെമി ഭംഗിയായി നടത്താന്‍ തീവ്ര ശ്രമത്തിലാണ് ഫിഫ.