വാഹങ്ങളൊഴിഞ്ഞ റോഡില്‍ ശൂന്യതയില്‍ നിന്നും ഒരു കാര്‍; ‘പ്രേത’മാണോ എന്ന് വൈറലായ ഈ വീഡിയോ കണ്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം

ഓരോ നാട്ടിലും ഒട്ടും പഞ്ഞമില്ലാത്ത കാര്യങ്ങളില്‍ ഒന്നാണ് ഭീതി പരത്തി പ്രചരിക്കപ്പെടുന്ന പ്രേത കഥകള്‍.ഇതില്‍ സത്യവും, മിഥ്യയായതുമായ കഥകള്‍ ഉണ്ട്. കുറച്ച് ത്രില്ലിങ്ങാകുന്നതിനു വേണ്ടി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിപ്പിക്കുന്ന കഥകളുമുണ്ട്. എന്തിനേറെ പറയുന്നു, തട്ടിപ്പിന് വേണ്ടി പ്രേതകഥകള്‍ പ്രചരിപ്പിക്കുന്നവര്‍ വരെയുണ്ട്.

പക്ഷെ വാഹനത്തിന്റെ രൂപത്തിലുള്ള പ്രേതകഥകള്‍ അധികമൊന്നുമില്ല. ഹോളിവുഡ് സിനിമകളിലൊക്കെ മാത്രമേ നമ്മള്‍ ഇത്തരത്തിലുള്ള കഥകള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു പ്രേത കാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാഹനങ്ങളൊഴിഞ്ഞ റോഡില്‍ പ്രത്യക്ഷപ്പെട്ട അത്തരം ഒരു കാറിനെ ഇടിച്ചു തെറിപ്പിക്കുന്ന ബി.എം.ഡബ്ലിയുവിന്റെ വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സിംഗപ്പൂരിലാണ് സംഭവം. റോഡിലെ ട്രാഫിക് സിഗ്‌നലില്‍ നിന്നും മുന്നോട്ടു നീങ്ങുന്ന വെളുത്ത നിറത്തിലുള്ള ബി.എം.ഡബ്ലിയു 6 സീരീസ് കാറിന്റെ ദൃശ്യങ്ങള്‍ മറ്റൊരു കാറിന്റെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്. സിഗ്‌നല്‍ കിട്ടി, അവസാന വാഹനവും കടന്നു പോയ ശേഷം മറ്റുവാഹനങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി വലത്തേക്ക് തിരിയുന്ന ബി.എം.ഡബ്ലിയുവാണ് വീഡിയോയില്‍. പെട്ടന്നാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ചെറുകാര്‍ ശൂന്യതയില്‍ നിന്നെന്ന വണ്ണം റോഡില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കാറില്‍ ഇടിച്ച് ബി.എം.ഡബ്ലിയു നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ ഇത് വെറും ഒപ്റ്റിക്കല്‍ ഇല്ല്യൂഷനാണെന്ന് തുടര്‍ച്ചയായി വീഡിയോ കണ്ടാല്‍ മനസിലാകും.വീഡിയോയുടെ ഒമ്പതാം സെക്കന്‍ഡ് മുതല്‍ സൂക്ഷിച്ചു നോക്കിയാല്‍ ബി.എം.ഡബ്ലിയുവിന്റെ ടോപ്പിനു മുകളിലൂടെ ആ ചെറുകാറിന്റെ മുകള്‍ വശം ചെറുതായി കാണാനാകും. ഡാഷ് ക്യാമറയില്‍ ഈ ചെറുകാറിനെ കാണാത്തതാണ്. ഇത് പ്രേതമാണോ അല്ലയോ എന്ന് വീഡിയോ ഒന്നു കണ്ടു നോക്കി നിങ്ങള്‍ക്കു തീരുമാനിക്കാം.