രക്തക്കണ്ണീര്‍ വാര്‍ക്കുന്ന മെസ്സിയുടെ പോസ്റ്ററുമായി ഭീഷണി മുഴക്കി ഐഎസ്; 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ആക്രമിക്കുക ലക്ഷ്യം
മോസ്‌കോ: 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ആക്രമണഭീഷണി പരത്തി ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരരുടെ സന്ദേശം. രക്തക്കണ്ണീര്‍ വാര്‍ക്കുന്ന അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ചിത്രം ഉള്‍പ്പെടെയാണ് ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്. ജയിലിനകത്ത് നിന്ന് രക്തക്കണ്ണീര്‍ വാര്‍ക്കുന്ന മെസ്സിയുടെ ചിത്രത്തിനൊപ്പമുള്ള സന്ദേശമിങ്ങനെയാണ്:
”സ്വന്തം ഡിക്ഷനറിയില്‍ തോല്‍വി എന്ന വാക്കില്ലാത്ത ഒരു രാജ്യത്തോടാണ് (സ്റ്റേറ്റ് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്) നിങ്ങള്‍ യുദ്ധം ചെയ്യുന്നത്.”
സ്വന്തം പേരെഴുതിയ ജയില്‍ക്കുപ്പായമാണ് ഈ പോസ്റ്ററില്‍ മെസ്സി ധരിച്ചിരിക്കുന്നത്. ഐ.എസ് അനുകൂല മാധ്യമ ഗ്രൂപ്പായ വാഫ മീഡിയ ഫൗണ്ടേഷന്റെ പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. 2018 ലോകകപ്പ് ഫുട്‌ബോളിനായി റഷ്യ സന്ദര്‍ശിക്കാനിരിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഐ.എസ് ഭീഷണി സന്ദേശം പുറത്ത് വിട്ടിരിക്കുന്നതെന്ന് കരുതുന്നു.
ഭീകരരുടെയും ഭീകരസംഘടനകളുടെയും ഓണ്‍ലൈന്‍ രംഗത്തെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന എസ്.ഐ.ടി.ഇ (സെര്‍ച്ച് ഫോര്‍ ഇന്റര്‍നാഷണല്‍ ടെററിസ്റ്റ് എന്റ്റിറ്റീസ്) ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഈ പോസ്റ്റര്‍ കണ്ടെത്തി പുറത്തുവിട്ടത്. പ്രശസ്ത സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കിന്റെ (ജസ്റ്റ് ഡു ഇറ്റ്’ എന്ന പരസ്യവാചകത്തെ പരിഹസിച്ച് ‘ജസ്റ്റ് ടെററിസം’ എന്ന വാചകവും മെസ്സിയുടെ ചിത്രത്തിനു ചുവടെ നല്‍കിയിട്ടുണ്ട്.
റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനു നേരെ ആക്രമണ ഭീഷണിയുമായി ഐ.എസിനു മുന്‍പും വിവിധ ഭീകര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ, ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരം നടക്കവെ സമീപത്തു നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയും ചെയ്തു.