സ്വര്‍ണ്ണക്കടത്തില്‍ കുടുങ്ങി എല്‍ ഡി എഫ് ; ഇടത് എംഎല്‍എമാര്‍ സ്വര്‍ണ്ണക്കടത്ത് പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്
സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ഇടത് എംഎല്‍എമാര്‍ക്ക് ഉള്ള ബന്ധങ്ങള്‍ മറനീക്കി പുറത്തു വരുന്നു. ജനജാഗ്രത യാത്രയ്ക്കിടെ കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ കാരാട്ടിന്‍റെ മിനികൂപ്പറില്‍ യാത്രചെയ്ത സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം തന്നെയാണ് മറ്റു ഇടത് എംഎല്‍എമാര്‍ക്കും സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരുമായി അടുത്ത ബന്ധമാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖും പിടിഎ റഹിമും ഗള്‍ഫില്‍ വെച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ അബ്ദുള്‍ ലെയ്‌സിന്റെ ഗള്‍ഫ് ഓഫീസിലെ ഉദ്ഘാടനചടങ്ങിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ അബ്ദുള്‍ ലെയ്സിന്റെ ഓഫീസിന്റെ ഉദ്ടഘാനച്ചടങ്ങല്ല ഇതെന്ന് പി ടി എ റഹീം എംഎല്‍എ വ്യക്തമാക്കി. കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയും ഡിആര്‍ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത വ്യക്തിയാണ് അബ്ദുള്‍ ലൈയിസ്. കൊടുവള്ളിയിലെ രാഷ്ട്രീയ നേതൃത്വത്തിന് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യപ്പെടുവാന്‍ സാധ്യതയുള്ള വ്യക്തി കൂടിയാണ് ഇയാള്‍.കഴിഞ്ഞ ജനുവരി രണ്ടിനാണ് എംഎല്‍എമാര്‍ ദുബായ് സന്ദര്‍ശിച്ചത്.