രാഹുല്‍ ഗാന്ധിയെ പിന്താങ്ങി ശിവസേന ; ഇപ്പോള്‍ മുഖ്യശത്രു ബി ജെ പിയും മോദിയും എന്ന് വെളിപ്പെടുത്തല്‍
മുംബൈ : എന്‍ഡിഎ മുന്നണിയിലെ രണ്ടാമത്തെ മുഖ്യകക്ഷിയായ ശിവസേന ബിജെപിക്കെതിരെ രംഗത്ത്. ബിജെപിയാണ് പ്രധാന ശത്രുവെന്ന് പ്രഖ്യാപിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത് ആണ് രംഗത്ത് വന്നത്. 2014 മുതല്‍ ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കാര്യമായ മാറ്റമുണ്ടെന്നും ആളുകള്‍ രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ പ്രത്യേക പശ്ചാത്തലം കണക്കാക്കിയാണ് മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ഭാഗമായി ശിവസേന നിലകൊള്ളുന്നതെന്നും സഞ്ജയ് റാവത്ത് വിശദമാക്കി. മഹാരാഷ്ട്ര ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ശിവസേന നേതാവിന്റെ വിവാദ പ്രസ്താവന. കോണ്‍ഗ്രസിനെയും എന്‍സിപിയെയും എതിര്‍ക്കുന്നതിന് പകരം ശിവസേന നിലപാടിനെ ബിജെപി എതിര്‍ക്കുന്നതിലുള്ള പ്രതിഷേധം റാവത്ത് മറച്ച് വച്ചില്ല.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായി റാവത്ത് വ്യക്തമാക്കി. ബിജെപിയുമായി സഖ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പില്‍ പോരാടന്‍ ശിവസേന സജ്ജമാണ് എന്നും അദ്ധേഹം പറയുന്നു. നേരത്തെ രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെന്ന സഞ്ജയ് റാവുത്തിന്റെ പരാമര്‍ശത്തെ ബിജെപി വിമര്‍ശിച്ചിരുന്നു.അതേസമയം രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് പ്രസംഗിച്ച സഞ്ജയ് റാവത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസെത്തിയിരുന്നു. രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസിനൊപ്പം ചേരാനാണെങ്കില്‍ ആ തീരുമാനവുമായി മുന്നോട്ട് പോകണം. ചോറ് ഇവിടെയും കൂറ് അവിടെയും എന്നുള്ള നിലപാട് വേണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. രണ്ടിടത്തും മാറിമാറി നില്‍ക്കുന്ന നിലപാട് ശിവസേന മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഒരേസമയം ഭരണപക്ഷവും പ്രതിപക്ഷവും ആകുന്നത് അംഗീകരിക്കാനാവില്ലെന്നും ബാല്‍ താക്കറെ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തരം നിലപാടുകളെടുത്തിട്ടില്ല. എന്നാല്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചില നേതാക്കന്മാര്‍ പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്ന് ചിന്തിക്കുന്നവരാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും റാവത്ത് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. രാജ്യത്ത് മോദി തരംഗം അവസാനിച്ചെന്നും രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നുമായിരുന്നു റാവത്തിന്റെ വാക്കുകള്‍.