ഐ എ എസ് പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍
ചെന്നൈ : എറണാകുളം സ്വദേശിയായ സഫിര്‍ കരീമാണ് ഐ എ എസ് പരീക്ഷയ്ക്ക് കോപ്പി അടിച്ചു പിടിക്കപ്പെട്ടത്. ഇയാളെ സഹായിച്ച ഭാര്യയായ ജോയ്‌സി ജോയിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എഗ്‌മോറില്‍ വെച്ചായിരുന്നു പരീക്ഷ നടന്നത്. പരീക്ഷയ്ക്കിടെ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഇയാളുടെ പക്കല്‍ നിന്നും ഷര്‍ട്ടില്‍ ഘടിപ്പിച്ച മൈക്രോ ക്യാമറ കണ്ടെടുത്തത്. പരീക്ഷ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഇയാളെ ഉദ്യോഗസ്ഥര്‍ പിടികൂടി. ഭര്‍ത്താവിനു ബ്ലൂട്ടൂത്ത്‌വഴി ഉത്തരം പറഞ്ഞുകൊടുത്തതാണ് ഭാര്യയെ പിടികൂടാന്‍ കാരണം.
പരീക്ഷാ ഹോളിലേക്ക് കയറുന്നതിനു മുന്‍പ് കരീം രണ്ട് ഫോണുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ മറ്റൊരു ഫോണില്‍ ബ്ലൂട്ടൂത്ത് കണക്ട് ചെയ്തിട്ടുണ്ടായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഘടിപ്പിച്ച മൈക്രോ ക്യാമറ വഴിയാണ് ഇയാള്‍ ഭാര്യക്ക് ചോദ്യപേപ്പര്‍ അയച്ചുകൊടുത്തത്. അതേസമയം എങ്ങനെയും പരീക്ഷയില്‍ ജയിക്കണം എന്ന തീരുമാനമാണ് ഇയാള്‍ക്കും ഭാര്യയ്ക്കും പാരയായത്. രണ്ടാമത്തെ തവണയാണ് കരീം ഐഎഎസ് പരീക്ഷ എഴുതുന്നത്. ആദ്യത്തെ തവണ എഴുതിയെങ്കിലും ഐപിഎസ് മത്രമാണ് നേടാന്‍ സാധിച്ചത്. ഇത്തവണ ഐഎഎസ് നേടണം എന്ന ആഗ്രഹത്തോടെയാണ് ഇയാള്‍ വീണ്ടും പരീക്ഷ എഴുതിയത്. ഇതിനായി കരീം കോച്ചിങ് ക്ലാസുകള്‍ക്കും പോവാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഗുണകരമായില്ല. തുടര്‍ന്നാണ് ജയിക്കുവാന്‍ വേണ്ടി വളഞ്ഞ വഴി ഇരുവരും കൂടി തിരഞ്ഞെടുത്തത്.