വിചാരണ തടവുകാര്‍ക്കുള്ള ഭക്ഷണം ഇനിമുതല്‍ വീട്ടുകാര്‍ നല്‍കണം; ചെലവ് ചുരുക്കല്‍ നടപടിയെന്ന് ജയില്‍ വകുപ്പ്
ആലപ്പുഴ : ജയിലില്‍ കഴിയുന്ന വിചാരത്തടവുകാര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ജയില്‍ വകുപ്പ് ആലോചിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. വീട്ടില്‍ നിന്നും ഭക്ഷണം എത്തിച്ചു നല്‍കാന്‍ ബുദ്ധിമുട്ടുള്ള വിചാരണ തടവുകാര്‍ക്ക് മാത്രം ജയിലില്‍ നിന്നും ഭക്ഷണം ഏര്‍പ്പെടുത്താനാണ് നീക്കം. ചെലവു ചുരുക്കലിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയം ജയില്‍ വകുപ്പ് മുന്നോട്ടു വച്ചത്.
വിചാരണ തടവുകാരുടെ ഭക്ഷണത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ഇക്കാര്യം ജയില്‍ ഡി.ജി.പി ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ഒരു വിഭാഗം മാത്രം പുറത്തു നിന്നും ഭക്ഷണമെത്തിച്ച് കഴിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എ ക്ലാസ്, ബി ക്ലാസ്, തടവുകാര്‍ക്ക് പ്രത്യേക ഭക്ഷണവും കട്ടിലും ഫാനും അനുവദിക്കാറുണ്ട്. എന്നാല്‍, വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമില്ല.
സംസ്ഥാനത്തെ 52 ജയിലുകളിലായി 8000 ത്തോളം തടവുകാരാണ് നിലവിലുള്ളത്. ഇതില്‍ 4000 പേരും വിചാരണ തടവുകാരാണ്.