തടസ്സം നേരിട്ടതിനു സോറി;വാട്‌സ്ആപ്പ് തടസപ്പെട്ടതില്‍ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച് അധികൃതര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം നേരം വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നു ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടിയില്‍ ക്ഷമാപണം നടത്തി വാട്‌സ്ആപ്പ് അധികൃതര്‍. കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായെന്ന വിവരം ട്വിറ്റര്‍ ഉപയോക്താക്കളാണ് ലോകത്തോട് പങ്കുവെച്ചത്.ഈ സമയത്ത് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനും വാട്‌സ്ആപ്പില്‍ ലോഗിന്‍ ചെയ്യുന്നതിനും സാധിച്ചില്ല.ട്വീറ്റുകള്‍ വഴിയാണ് ഇത് ആഗോളതലത്തിലുണ്ടായ തകരാറാണെന്ന് തിരിച്ചറിഞ്ഞത്.

‘കഴിഞ്ഞദിവസം ഒരു മണിക്കൂറോളം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതില്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് തടസം നേരിട്ടിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. തടസം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു’ എന്ന് വാട്‌സ്ആപ്പ് വക്താവ് അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെ സമയം പ്രവര്‍ത്തന രഹിതമായതിന്റെ കാരണമെന്താണെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ മെയ് മാസവും ഇതേരീതിയില്‍ വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായിരുന്നു. ആഗോള തലത്തില്‍ 130 കോടി ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്. 20 കോടി ഉപയോക്താക്കള്‍ ഇന്ത്യയിലുമുണ്ട്.