പാരഡൈസ് രഹസ്യചോര്‍ച്ച വിശദമായ അന്വേഷണം നടത്തുമെന്നും സെബി

പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സെബി. അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്ന രേഖകളില്‍ പേരുള്ള 714 ഇന്ത്യക്കാരുടെ നികുതി വിവരങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തും. അനധികൃത ഇടപാടുകള്‍ കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കുകയും നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്നും എംഎജി വ്യക്തമാക്കി. നികുതി കുറവുള്ള വിദേശ കമ്പനികളില്‍ വ്യക്തികളോ സ്ഥാപനങ്ങളോ നിക്ഷേപം നടത്തുന്നതില്‍ പ്രഥമ ദൃഷ്ട്യാ കുറ്റം കാണാനാകില്ല. അതേസമയം ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരിക്കണം. വിവരം അറിയിക്കാതെയുള്ള നിക്ഷേപങ്ങള്‍ ക്രമക്കേടും കോര്‍പ്പറേറ്റ് ചട്ടങ്ങളുടെ ലംഘനവുമാണ്. പുറത്തുവന്നിട്ടുള്ള രേഖകളില്‍ പറയുന്ന നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളതാണോ എന്നത് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഇതിന് അടിയന്തര നടപടി സ്വീകരിക്കും.

പനാമ രഹസ്യചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തിയ ബഹുതല ഏജന്‍സിയെ തന്നെ ഇക്കാര്യവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സെബി വ്യക്തമാക്കി. ഇന്ത്യക്കാരായ വ്യക്തികളും സ്ഥാപനങ്ങളും അടക്കമുള്ള 714 പേരുവിവരങ്ങളാണ് ഞായറാഴ്ച പുറത്തുവന്ന രേഖകളിലുള്ളത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജര്‍മന്‍ ദിനപത്രമായ സിഡ്ഡോയിച്ചെ സെയ്തൂങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പനാമ പേപ്പര്‍ വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടതും ഐസിഐജെയാണ്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19-ാം സ്ഥാനമാണ്.

അതേസമയം താന്‍ മാനേജിങ് ഡയരക്ടര്‍ ആയിരുന്ന ഒമിധ്യാര്‍ നെറ്റ്‌വര്‍ക്ക് യു.എസ് ആസ്ഥാനമായ ഡിലൈറ്റ് ഡിസൈനുമായി നടത്തിയിട്ടുള്ളത് നിയമപരമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതില്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒന്നും അടങ്ങിയിട്ടില്ല. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് രാജ്യാന്തര സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ മാത്രമാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2013ല്‍ തന്നെ ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് താന്‍ രാജിവെച്ചിരുന്നു. ഇതിനു ശേഷവും ഡിലൈറ്റ് ഡിസൈനില്‍ സ്വതന്ത്ര ഡയരക്ടറായി തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ ഈ പദവി താന്‍ രാജിവെച്ചിരുന്നതായും സിന്‍ഹ തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ വിശദീകരിച്ചു. അതേസമയം പാരഡൈസ് രഹസ്യ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ കൂട്ടാക്കിയില്ല.