രാജകുടുംബത്തിന്‍റെ അറസ്റ്റ് ; രൂക്ഷമായ പ്രതിസന്ധിയില്‍ സൗദി അറേബ്യ
രാജകുടുംബത്തിന്റെ കൂട്ട അറസ്റ്റിനെ തുടര്‍ന്ന്‍ രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഓഹരികളെല്ലാം കൂപ്പുകുത്തി. അതുപോലെ എണ്ണ വിലയും കുത്തനെ വര്‍ധിക്കുകയാണ്. സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് വിലക്കി. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാവസായിക ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ എല്ലാ പ്രമുഖരുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവന്നതോയാണ് ഓഹരി വിപണികളില്‍ സൗദി കമ്പനികള്‍ക്ക് തിരിച്ചടി ലഭിക്കാന്‍ തുടങ്ങിയത്. റിയാദില്‍ സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളം അടച്ചു. ഇവിടെ നിന്ന് ഒരു വിമാനവും ഇപ്പോള്‍ പറക്കുന്നില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു വിമാനവും പറക്കരുതെന്നാണ് നിര്‍ദേശം. അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ അറസ്റ്റാണ് ആഗോള സമൂഹത്തെ ഞെട്ടിച്ചത്.
നിരവധി ആഗോള വന്‍കിട കമ്പനികളില്‍ ഓഹരിയുള്ള വ്യക്തിയാണിദ്ദേഹം. എണ്ണ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ബ്രന്റ് ക്രൂഡിന് തിങ്കളാഴ്ച 0.8 ശതമാനം വര്‍ധനവുണ്ടായി. ബ്രന്റ് ബാരലിന് 62.55 ഡോളറാണ് പുതിയ വില. 2015ന് ശേഷം ഇത്രയും ഉയര്‍ന്ന വില ആദ്യമാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ പലര്‍ക്കും ബന്ധുക്കളുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. ഇതു സംബന്ധിച്ച പരിശോധനകള്‍ നടക്കുകയാണ്. സൗദിയിലെ പ്രമുഖ വ്യവസായികളെയെല്ലാം പിടികൂടുന്ന അവസ്ഥയാണിപ്പോള്‍. ഇവര്‍ക്ക് ഇത്രയധികം ആസ്തി എവിടെ നിന്നുണ്ടായി എന്ന കാര്യമാണ് അഴിമതി വിരുദ്ധ സമിതി പരിശോധിച്ചത്. ഇതേ ചോദ്യം തന്നെയാണ് സൗദിയിലെ പ്രമുഖ പത്രമായ ഒക്കാസ് ഇന്ന് ചോദിച്ചതും. ഇത്രയധികം വരുമാനം നിങ്ങള്‍ക്ക് എവിടെ നിന്നുണ്ടായി എന്ന് ഒക്കാസ് ഒന്നാം പേജില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. അറസ്റ്റിലായ പലര്‍ക്കും സ്വന്തമായി വിമാനമുള്ളവരാണ്. ഇവരുടെ വിമാനങ്ങള്‍ പറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശനിയാഴ്ചയും ഞായറാഴ്ചയും അറസ്റ്റുണ്ടായിരുന്നെങ്കിലും ഇനി ആരെയും കസ്റ്റഡിയിലെടുക്കില്ലെന്നാണ് കരുതിയിരുന്നത്. അതിനിടെയാണ് സൗദിയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനികളിലൊന്നിന്റെ സ്ഥാപകനെ പിടികൂടിയിരിക്കുന്നത്. അതോടെ ഇത്തരം കമ്പനികളുടെ ഓഹരിയും കുത്തനെ ഇടിഞ്ഞു. അല്‍ തയ്യാര്‍ ട്രാവല്‍ കമ്പനിയുടെ മേധാവിയെ ആണ് പിടികൂടിയത്. ഇതിന്റെ സ്ഥാപകന്‍ നാസര്‍ ബിന്‍ അഖീല്‍ അല്‍ തയ്യാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത് തിങ്കളാഴ്ച ഉച്ചയ്ക്കാണ്. ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി 10 ശതമാനം ഇടിഞ്ഞു. കള്ളപ്പണം വെളുപ്പിച്ചു, അധികാരം ദുര്‍വിനിയോഗം ചെയ്തു, ക്രമവിരുദ്ധമായി പണം സമ്പാദിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാസിര്‍ ബിന്‍ അഖീലിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇതേ ആരോപണം നേരത്തെ അറസ്റ്റിലായവര്‍ക്കെതിരേയും അഴിമതി വിരുദ്ധ സമിതി ഉന്നയിച്ചിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പലര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.