അമേരിക്കയില്‍ ആരാധനാലയത്തിലുണ്ടായ വെടിവയ്പ്പില്‍ 26 മരണം; അക്രമി കൊല്ലപ്പെട്ടു

വാഷിങ്ടന്‍: അമേരിക്കയിലെ ടെക്‌സസില്‍ പ്രാര്‍ഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തില്‍ ഉണ്ടായ വെടിവയ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ മെഡിക്കല്‍ ഹെലിക്കോപ്റ്ററില്‍ ബ്രൂക്ക് സൈനിക ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരെ സമീപത്തെ പ്രാദേശിക ആശുപത്രികളിലാണു പ്രവേശിപ്പിച്ചിട്ടുള്ളത്. സാന്‍ അന്റോണിയോയ്ക്കു സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 11.30ന് ആണ് ആക്രമണമുണ്ടായത്.

പ്രാര്‍ഥന നടക്കവെ ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു നടന്നു കയറിയ അക്രമി ആളുകള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ന്യൂ ബ്രൗന്‍ഫെല്‍സ് സ്വദേശിയായ ഡെവിന്‍ കെല്ലി എന്നയാളാണ് ആക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പൊലീസിനു പുറമെ എഫ്.ബി.ഐയും സ്ഥലത്തെത്തിയിട്ടുണ്ട്. വെടിവയ്പ്പു നടത്തിയശേഷം അക്രമണകാരി വാഹനത്തില്‍ രക്ഷപ്പെട്ടു. പിന്നീടു ഗ്വാഡലൂപ് കൗണ്ടിയില്‍ ഇയാളെ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.