അമല പോളിനെ അടപടലം പൂട്ടി വാഹന വകുപ്പ്; നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം, നടി വെട്ടിപ്പ് നടത്തിയത് വ്യാജ രേഖ ഉപയോഗിച്ച്

കൊച്ചി: വ്യാജ രേഖയുണ്ടാക്കി പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി അമല്‍ പോള്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മ്മിച്ചിതാണെന്നാണ് നിഗമനം. നവംബര്‍ പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ വേണമെന്നാണ് വാഹന വകുപ്പ് അമലയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഒന്നര കോടി രൂപ വില വരുന്ന ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് വാടകച്ചീട്ട് ഉണ്ടാക്കിയത്. നേരത്തേ ഇടപ്പള്ളിയിലെ വീട്ടിലെത്തി അമലാ പോളിന് നോട്ടീസ് നല്‍കിയിരുന്നു. അമലാപോളിന് നല്‍കിയ നോട്ടീസിനൊപ്പം വിശദമായ ചോദ്യാവലിയും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ നടി ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖകളില്‍ കൃത്രിമം നടന്നിട്ടുള്ളതായി വ്യക്തമായതിനെത്തുടര്‍ന്നാണ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ വകുപ്പ് നിര്‍ദേശിച്ചത്.

ഇത്തരത്തില്‍ രേഖകള്‍ ഉണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട 20 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വിലാസത്തില്‍ വാടക ചീട്ട് ഉണ്ടാക്കി നല്‍കിയിരുന്നതായി ഇവര്‍ സമ്മതിച്ചിരുന്നു.

തനിയ്ക്ക് ഇന്ത്യയിലെവിടെയും വസ്തുക്കള്‍ വാങ്ങാന്‍ അവകാശമുണ്ടെന്നും തന്നെ അനാവശ്യമായി ആക്രമിക്കുകയാണെന്നും ആരോപിച്ച് അമല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളിലും നടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.