ഫോണ്‍ക്കെണി വിവാദക്കേസ്; സെക്രട്ടേറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദക്കേസില്‍ കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്കേര്‍പ്പെടുത്തി. റിപ്പോര്‍ട്ട് രാവിലെ സമര്‍പ്പിക്കുമെന്ന വിവരത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ കന്റോണ്‍മെന്റ് ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം പൊതു താല്‍പര്യമുള്ള പരിപാടിയല്ലെന്നും അതു കൊണ്ട് മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയാണ് സാധരണ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുക.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വേളയിലും മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ നില്‍ക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന വിലയിരുത്തലാണ് എന്‍.സി.പി. ക്യാമ്പ്.വിവാദത്തില്‍ സുപ്രധാന തെളിവാകേണ്ട ശബ്ദരേഖ കമ്മിഷന്റെ മുന്നില്‍ എത്തിക്കാന്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലിന് സാധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് വ്യക്തമാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കമ്മിഷനുമുന്നില്‍ ഒരിക്കല്‍ പോലും ഹാജരായില്ല. പലകുറി അറിയിച്ചിട്ടും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് അനകൂലമാകുമെന്നാണ് എന്‍.സി.പി. നേതാക്കളുടെ വിലയിരുത്തല്‍.
കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം തിരിച്ചുവരുമെന്നും എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ വ്യക്തമാക്കി. പാര്‍ട്ടി ദേശീയനേതൃത്വവും ഇതിന് അംഗീകാരം നല്‍കും. പാര്‍ട്ടിക്ക് രാജ്യത്ത് കിട്ടുന്ന ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ അത് എത്രയും വേഗം സ്വീകരിക്കുന്ന നിലപാടാവും പാര്‍ട്ടി എടുക്കുക. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ കാണാന്‍ ടി.പി. പീതാംബരന്‍ ഡല്‍ഹിക്ക് പോകും. മാര്‍ച്ച് 26- നാണ് ആരോപണത്തെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ രാജിവെച്ചത്.