നോട്ട് നിരോധനം ; ജി എസ് ടി എന്നിവയ്ക്ക് ശേഷം ആദായ നികുതി സമ്പ്രദായം ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍

നോട്ട് നിരോധനം ; ജി എസ് ടി എന്നിവയ്ക്ക് ശേഷം രാജ്യത്തെ ആദായ നികുതി സമ്പ്രദായം ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 1961 ല്‍ ഉണ്ടാക്കിയ നിയമം അനുസരിച്ചാണ് നിലവില്‍ ഇന്ത്യയില്‍ ആദായ നികുതി പിരിക്കുന്നത്. ആദായ നികുതി നിയമം പരിഷ്‌കരിക്കാനായി ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചുവെന്നാണ് വിവരം. നിലവിലെ സാമ്പത്തിക ആവശ്യങ്ങളും യാഥാര്‍ഥ്യങ്ങളും വിലയിരുത്തി പുതിയ നിയമത്തിന് രൂപം നല്‍കാനാണ് ദൗത്യസംഘത്തെ നിയോഗിച്ചിട്ടുള്ളത്. ആറുമാസത്തിനുള്ളില്‍ ദൗത്യസംഘം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. മറ്റുരാജ്യങ്ങളിലെ നികുതി വിവരങ്ങള്‍ പരിശോധിച്ച് രാജ്യത്തിന് ഗുണമായ രീതിയില്‍ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ദൗത്യസംഘം കേന്ദ്രത്തിന് കൈമാറും.

രാജ്യത്തെ കോര്‍പ്പറേറ്റ്, ആദായ നികുതികള്‍ ലളിതമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്. മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റിന് മുമ്പ് ഇത് നടപ്പിലാക്കാനാണ് ധനകാര്യമന്ത്രാലയം ശ്രമിക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2010 ല്‍ പുതിയ പ്രത്യക്ഷ നികുതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അന്നത്തെ സര്‍ക്കാരിന് അത് പാസാക്കാനായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ നികുതി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ ആദായ നികുതി നിയമം മാറ്റേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. 50 വര്‍ഷം പഴക്കമുള്ളതാണ് നിലവിലെ നിയമമെന്നും അത് മാറ്റി പുതിയത് കൊണ്ടുവരേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു.