കനത്ത സുരക്ഷയില്‍ ഹാദിയ ഡല്‍ഹിയില്‍ ; കേരള ഹൗസിലേക്കുള്ള വഴി പോലീസ് അടച്ചു ; ഉറ്റുനോക്കി കേരളം
ന്യൂഡല്‍ഹി : സുപ്രീംകോടതിയിൽ ഹാജരാകാൻ ഡല്‍ഹിയിലെത്തിയ ഹാദിയക്ക് കനത്ത സുരക്ഷ. കേരള ഹൗസിൽ മാധ്യമങ്ങൾക്കും അതിഥികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൗസും പരിസരവും പോലീസ് വലയത്തിനകത്താണ്. കേരള ഹൗസിലേക്കുള്ള വഴിയടച്ചിരിക്കുകയാണ് പോലീസ്. പറയാനുള്ളത് വ്യക്തമായി പറഞ്ഞാണ് ഹാദിയ കേരളത്തിൽ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറിയത്. ദില്ലി വിമാനത്താവളത്തിൽ രാത്രി 9.45ന് ഹാദിയയും കുടുംബവും എത്തി. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹാദിയയെ പുറത്തേക്ക് കൊണ്ടുവരാൻ പൊലീസ് കനത്ത സുരക്ഷയൊരുക്കി. ഹാദിയ ഉടൻ പുറത്തേക്ക് വരുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടയിൽ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മറ്റൊരു ഗേറ്റിലൂടെ ഹാദിയെയും കുടുംബത്തെയും പൊലീസ് കേരള ഹൗസിലേക്ക് കൊണ്ടുപോയി.
രാത്രി 11 മണിയോടെ ഹാദിയ കേരള ഹൗസിൽ എത്തി. കേരള ഹൗസ് പരിസരത്ത് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതിഥികളല്ലാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള ഹൗസിലെ കാന്‍റീനും പൊലീസ് അടപ്പിച്ചു. മാധ്യമങ്ങൾക്കും വിലക്ക് ഏര്‍പ്പെടുത്തി. നാളെ സുപ്രീംകോടതിയിൽ പോകാനായി മാത്രമെ ഹാദിയ പുറത്തേക്ക് ഇറങ്ങൂ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഹാദിയയുടെ അച്ഛൻ അശോകൻ ഇന്ന് അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ന് രാത്രി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാനും എത്തും. ഹൈക്കോടതി വിവാഹം റദ്ദാക്കിയ ശേഷം ആദ്യമായാണ് ഷെഫിൻ ജഹാനും ഹാദിയയും പരസ്പരം കാണുന്നത്. അതിനിടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഹാദിയയ്ക്ക് പിന്തുണയുമായി കേരള ഹൗസിന് മുന്നിലേക്ക് എത്തുകയുണ്ടായി. ജഹവര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്.കേരള ഹൗസിലെ നാല് മുറികളാണ് ഹാദിയയ്ക്ക് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്. രണ്ട് മുറികളിലായി ഹാദിയയും കുടുംബവും താമസിക്കുന്നു. മറ്റ് രണ്ട് മുറികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരും. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുന്‍പായി ഹാദിയയെ ഹാജരാക്കാനാണ് അശോകനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹാദിയയ്ക്ക് എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതായിരുന്നു. താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിച്ച് ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞു. അതേസമയം ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. കനത്ത പോലീസ് സുരക്ഷയിലും ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നു. വൈക്കത്തെ വീട് മുതല്‍ വിമാനത്താവളം വരെ പഴുതടച്ച സുരക്ഷയാണ് ഹാദിയയ്ക്ക് ഒരുക്കിയത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ അതെല്ലാം പാളി. ഇത് എറണാകുളം റൂറല്‍ പോലീസിന്റെ സുരക്ഷാ വീഴ്ചയാണെന്നാണ് വിമര്‍ശനം.