വിമാനത്താവളത്തില്‍ യാത്രക്കാരിയും എയര്‍ഇന്ത്യ ഡ്യൂട്ടി മാനേജറും തമ്മില്‍ തല്ല് ; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. വിമാനത്താവളത്തില്‍ വൈകിയെത്തിയതിനാല്‍ വിമാനയാത്ര മുടങ്ങിയ യാത്രക്കാരിയും എയര്‍ഇന്ത്യ ജീവനക്കരിയും തമ്മിലാണ് വാക്കേറ്റവും തമ്മില്‍തല്ലും ഉണ്ടായത്. വിമാനത്താവളത്തില്‍ വൈകിയെത്തിയതിനാല്‍ കൃത്യസമയത്ത് ചെക് ഇന്‍ ചെയ്യാന്‍ കഴിയാതെവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയെ അകത്തേക്ക് കടത്തിവിടാതെ വന്നതോടെ കൗണ്ടര്‍ ജീവനക്കാരനുമായി അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി യുവതിയെ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരുടെ ക്യാബിനിലേക്കയച്ചു.

അവിടെയെത്തിയ ഡ്യൂട്ടി യുവതി മാനേജരായ സ്ത്രീയോടും കയര്‍ത്ത് സംസാരിച്ചു. തര്‍ക്കത്തിനിടെ യുവതി മാനേജരുടെ മുഖത്തടിച്ചു. അതോടെ മാനേജര്‍ പ്രകോപിതയാവുകയും യുവതിയെ തിരിച്ചടിക്കുകയും ചെയ്തുവെന്ന് എയര്‍പോര്‍ട്ട് ഡിസിപി സഞ്ജയ് ഭാട്ടിയ അറിയിച്ചു. അഹമ്മദാബാദ് സ്വദേശിയാണ് യുവതി. പ്രശ്നം കേസെടുക്കാതെ പരിഹരിച്ചു എന്ന് പോലീസ് അറിയിച്ചു.