എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നു
കോഴിക്കോട്: എം.പി വീരേന്ദ്രകുമാര്‍ രാജ്യാസഭാംഗത്വം രാജിവയ്ക്കുന്നു. സംഘപരിവാറിനൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിനു കീഴില്‍ എം.പിയായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗം ഉടന്‍ ചേരുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
രാജ്യസഭാംഗത്വം യു.ഡി.എഫിന്റെ ഭാഗമായി ലഭിച്ചതാണ്. യു.ഡി.എഫുമായുള്ള ബന്ധം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. എല്‍.ഡി.എഫിലേക്കു പോവുന്നതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ല.നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും വീരേന്ദ്രകുമാറും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. മുന്നണി വിടുന്നത് സംബന്ധിച്ചുണ്ടായിരുന്ന വാര്‍ത്തകളെ അന്ന് ജെഡിയു നേതൃത്വം തള്ളിക്കളയുകയായിരുന്നു. നിലവില്‍ നിതീഷ് കുമാറിന്റെ രാഷ്ട്രീയത്തില്‍നിന്നു പുറത്തുകടക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടാണ് രാജ്യസഭാംഗത്വം ഒഴിയാന്‍ തീരുമാനിച്ചതെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
അതേസമയം ജെ.ഡി.യു വിട്ട് എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് വീരേന്ദ്രകുമാര്‍ പക്ഷത്ത് ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. ജെഡിഎസുമായി ലയനം സംബന്ധിച്ച് കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ജെഡിഎസുമായി ലയിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.