ശശി കപൂറിന്റെ നിര്യാണം:അനുശോചനം ലഭിച്ചത് ശശി തരൂരിന്; മരിച്ചിട്ടില്ലെന്ന് പറഞ്ഞ് മടുത്ത് ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി:ബോളിവുഡ് താരം ശശികപൂര്‍ അന്തരിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ ശശിതരൂര്‍ എം.പിയ്ക്ക് കിട്ടിയത് മുട്ടന്‍ പണി.ശശി കപൂറിന്റെ നിര്യാണത്തിന് പിന്നാലെ ശശിതരൂര്‍ എം.പിയുടെ ഓഫീസില്‍ അനുശോചന പ്രവാഹം തന്നെയായിരുന്നു.താന്‍ ഗുരുതരാവസ്ഥയിലാണോയെന്ന് അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരുടേതായ രണ്ടു ഫോണ്‍ വിളികള്‍ എത്തി.തന്റെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമല്ലെങ്കില്‍ അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വാര്‍ത്ത തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് ഒരു ദേശീയ മാധ്യമം തരൂരിനോട് ക്ഷമാപണം നടത്തി.

ശശികപൂറിന്റെ മരണ വാര്‍ത്ത തന്റെ ഓഫീസിലേക്കാണ് വിളിച്ചന്വേഷിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.അതിനുശേഷം ശശികപൂറിന് അനുശോചനം അറിയിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗംനഷ്ടപ്പെട്ടതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അനുശോചനത്തില്‍ തരൂര്‍ പറഞ്ഞു.അറുപതുകളിലെ യുവാക്കളുടെ ഹരമായിരുന്ന ശശികപൂര്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.