ജന്മഭൂമി പത്രത്തെ ആസ്പദമാക്കി തന്നെ പോലീസുകാര്‍ തീവ്രവാദിയാക്കിയെന്ന് സിപിഐ പ്രവര്‍ത്തകന്‍

ജന്മഭൂമി പത്രത്തില്‍ തനിക്കെതിരെ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്നെ തീവ്രവാദിയാക്കിയെന്ന് സിപിഐ പ്രവര്‍ത്തകന്‍. ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ വന്ന ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് പൊലീസ് ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എന്നാല്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചപ്പോള്‍ തനിക്കെതിരെ രണ്ട് കേസുകളാണ് നിലവിലുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായി ഷിഹാബ് പറഞ്ഞു. ”അതിലൊന്ന് തൃപ്രയാര്‍ റോഡില്‍ ഗട്ടറില്‍ വീണ് ഒരു കുട്ടി മരിച്ച സംഭവത്തില്‍ എഐവൈഎഫ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ്.

രണ്ടാമത്തേത് മാതൃഭൂമി നല്‍കിയ അപകീര്‍ത്തി കേസാണ്. മാതൃഭൂമിയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നായിരുന്നു കേസ്. എന്നാല്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ ഷെയര്‍ ചെയ്ത ട്രോള്‍ ഞാനും ഷെയര്‍ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാജരേഖ ചമച്ച് മാതൃഭൂമി നല്‍കിയ പരാതിയിലാണ് ആ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്”.

സുഹൃത്തുക്കളുമായി ചേര്‍ന്ന് പത്രം ആരംഭിക്കുന്നതിനായി ഷിഹാബ് വില്ലേജ് ഓഫീസില്‍ നിന്നും പൊലീസ് സ്റ്റേഷനില്‍ നിന്നും സാമൂഹിക സ്ഥിതി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫീസില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.എന്നാല്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് ഷിഹാബിനെ തീവ്രവാദിയാക്കിക്കൊണ്ടുള്ളതായിരുന്നു.