ദളിത് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശിനിയായ ദളിത് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍. ഷാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം മരുതുംകുഴി സ്വദേശി ആതിരയായിരുന്നു കെട്ടിടത്തിൽ നിന്ന് വീണത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നാണു ആദ്യം വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ ഇത് ആത്മഹത്യ ശ്രമം അല്ലെന്നും സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്‍റെ അനുവാദത്തോടെ സഹപാഠികള്‍ തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആതിരയുടെ അമ്മ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിന്‍റെ അന്ന് തന്നെ ഈ പെണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു എങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ മുപ്പതിനായിരുന്നു അറസ്റ്റിന് കാരണമായ സംഭവം ഉണ്ടായത്. തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിനുള്ള ഐ.പി.എം.എസ് ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് ആതിര. കരിപ്പൂരില്‍ പരിശീലനത്തിന് പോയ വിദ്യാര്‍ഥിനി ഇവിടെയുള്ള ന്യൂമാന്‍ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹപാഠികളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥാപനഉടമകളും സംഭവത്തിനു കാരണക്കാര്‍ ആണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.








