വയനാട്ടില്‍ ഒരുകോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി ; പിടികൂടിയത് നിരോധിച്ച ആയിരം അഞ്ഞൂറ് രൂപാ നോട്ടുകള്‍

വയനാട്ടില്‍ സര്‍ക്കാര്‍ നിരോധിച്ച ആയിരം അഞ്ഞൂറ് രൂപാ നോട്ടുകള്‍ പിടികൂടി. ഈ നോട്ടുകള്‍ കൈമാറാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. 50 ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകളും 50 ലക്ഷത്തിന്റെ 500 രൂപ നോട്ടുകളുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. മാരുതി ആള്‍ട്ടോ കാറില്‍ കുരുമുളക് ചാക്കില്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്. പയ്യന്നൂരില്‍ നിന്നാണ് തങ്ങള്‍ നിരോധിച്ച നോട്ടുകള്‍ ശേഖരിച്ചത് എന്ന് പിടിയിലായവര്‍ പറഞ്ഞു. ഇരിട്ടി സ്വദേശികളായ രണ്ടുപേരും, വയനാട് സ്വദേശികളായ മുന്നുപേരുമാണ് പിടിയിലായത്.

അതേസമയം നോട്ടുകള്‍ എന്തിനുവേണ്ടിയാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം കൃത്യമായ അന്വേഷണം നടത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുവെന്നാണ് പോലീസ് പറയുന്നത്. ബസിലാണ് നോട്ടുകെട്ടുകള്‍ പുല്‍പ്പള്ളിയിലെത്തിച്ചത്. അവിടെനിന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.