ഇനി രാഹുല്‍ നയിക്കും; തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി; കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി 16ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.അദ്ധ്യക്ഷനായി രാഹുല്‍ ഈ മാസം 16ന് സ്ഥാനമേറ്റെടുക്കും.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16-ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.

19 വര്‍ഷത്തിനു ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17-ാമത്തെ നേതാവാണ് രാഹുല്‍ ഗാന്ധി. ഇതോടെ, കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട തലമുറമാറ്റത്തിനാണ് വഴിതെളിയുന്നത്.