വിജയവേളയിലും മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേടിയ വിജയത്തിന്‍റെ ആഘോഷങ്ങള്‍ക്ക് ഇടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ട് സിനിമാ താരം പ്രകാശ് രാജ്. ഗുജറാത്ത്- ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വിജയം നേടിയതില്‍ ശരിക്കും സന്തോഷവാനാണോ എന്നാണു മോദിയോട് പ്രകാശ് രാജ് ചോദിച്ചത്. തന്‍റെ ട്വിറ്ററിലൂടെയാണ് താരം ചോദ്യം ഉന്നയിച്ചത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗോടെ ആയിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ഒരു കുറിപ്പും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് ഡിയര്‍ സര്‍ അഭിനന്ദനങ്ങള്‍. നിങ്ങളുടെ വികസനം കൊണ്ട് തൂത്തുവാരാമെന്നായിരുന്നല്ലേ വിചാരിച്ചിരുന്നത്. എന്തു സംഭവിച്ചു 150+ ന്. യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഒരുനിമിഷം നില്‍ക്കുമോ?

എ)ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ഫലം കണ്ടില്ല.
ബി) പാകിസ്താന്‍, മതം, ജാതി, ഭീഷണി ഉയര്‍ത്തുന്ന സംഘങ്ങള്‍ക്ക് പിന്തുണ നല്‍കല്‍, വ്യക്തിതാത്പര്യങ്ങള്‍ പരിഹരിക്കാനുള്ള അഹങ്കാരം എന്നിവയെക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്.
സി) യഥാര്‍ഥ ഗ്രാമീണ പ്രശ്‌നങ്ങളുണ്ട് കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഗ്രാമീണ ഇന്ത്യയുടെയും അവഗണിക്കപ്പെട്ട ശ്ബ്ദം കുറച്ചുകൂടി ഉച്ചത്തിലായി. താങ്കള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ ?
#ജസ്റ്റ് ആസ്‌കിങ്. എന്നായിരുന്നു താരം ചോദിച്ചത്. ഇത് ആദ്യത്തെ തവണയല്ല മോദിയെ പരിഹസിച്ചും , കുറ്റപ്പെടുത്തിയും പ്രകാശ് രാജ് രംഗത്ത് വരുന്നത്. തന്‍റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് പ്രകാശ് രാജ് മോദിക്ക് എതിരെ തിരിഞ്ഞത്. കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് ട്വിറ്റ് പോസ്റ്റ്‌ ചെയ്ത ഒരു വ്യക്തിയെ മോദി ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നു. അതുപോലെ വിഷയത്തില്‍ മോദി പ്രതികരിക്കാത്തതും താരത്തിനെ ചൊടിപ്പിച്ചിരുന്നു.