ഓഖി ദുരന്തം:ലക്ഷദ്വീപില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി

കൊച്ചി:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 74 ആയി ഉയര്‍ന്നു.

കാണാതായവര്‍ക്ക് വേണ്ടി നിലവില്‍ 80 ബോട്ടുകളാണ് കടലില്‍ തിരച്ചില്‍ നടത്തുന്നത്. 80 മുതല്‍ 110 നോട്ടിക്കല്‍ മൈല്‍ വരെയാണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നത്.110 മുതല്‍ 200 വരെ നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും എട്ട് കപ്പലുകള്‍ തിരച്ചില്‍ നടത്തുന്നുണ്ട്. നീണ്ടകര, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 25 വീതവും കൊച്ചിയില്‍നിന്ന് 28ഉം മുനമ്പത്തു നിന്ന് രണ്ട് ബോട്ടുകളുമാണ് ഇപ്പോള്‍ കടലില്‍ തിരച്ചിലിലേര്‍പ്പെട്ടിരിക്കുന്നത്.

ഇതിനു പുറമെ കൊല്ലം തീരത്തു നിന്ന് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു പോയി മടങ്ങി വരുന്ന ബോട്ടുകാരോട് മടക്കയാത്രയില്‍ തിരച്ചില്‍ നടത്താനും ഫിഷറീസ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോഡി ഊഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.ക്രിസ്മസിന് മുന്‍പേ കടലില്‍ കാണാതായവരെ തിരിച്ചു കൊണ്ട് വരുമെന്നാണ് മോഡി മല്‍സ്യത്തൊഴിലാളികളോട് പറഞ്ഞത്.