രതിയും ആയുര്‍വേദവും ; സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പം അനുസരിച്ച് ലൈംഗിക ശേഷി കണക്കാക്കാന്‍ സാധിക്കുമെന്ന് ക്രൈസ്തവ സഭയുടെ മാഗസിനില്‍ ലേഖനം
ആലപ്പുഴ : മതവും ആത്മീയതയും പണ്ടുമുതലേ അകറ്റി നിര്‍ത്തുന്ന ഒന്നാണ് ലൈംഗികത. എങ്ങനെ ലൈംഗിക ജീവിതം ഉപേക്ഷിക്കാം അങ്ങനെ ചെയ്‌താല്‍ എന്തൊക്കെ അനുഗ്രഹങ്ങളാണ് ഈശ്വരന്‍ നല്‍കുന്നത് എന്നൊക്കെയാണ് മിക്ക മതങ്ങളും മനുഷ്യനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും. സന്യാസവും ബ്രഹ്മചര്യവും എല്ലാം മനുഷ്യന്റെ ഉള്ളിലെ ദൈവീകത ഉയര്‍ത്തുന്ന ഒന്നാണ് എന്ന് മതഗ്രന്ഥങ്ങള്‍ പോലും പറയുന്നത്. ഹൈന്ദവ സംസ്ക്കാരത്തിലാണ് ഇതിനെ പറ്റി കൂടുതല്‍ പറയുന്നത്. മറ്റു മതങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. എന്നാല്‍ ഇതില്‍ നിന്നൊക്കെ മതങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങി എന്ന് വ്യക്തമാക്കുന്ന സംഭവമാണ് മനുഷ്യരില്‍ ലൈംഗിക ജീവിതത്തിന്‍റെ ആവശ്യകതയെ കുറിച്ച് പ്രതിപാദിക്കുന്ന ക്രൈസ്തവ സഭയുടെ മാഗസിനില്‍ സമ്പൂര്‍ണ്ണ ലേഖനം. ആലപ്പുഴ രൂപതയുടെ മാഗസിനായ മുഖരേഖയില്‍ വന്നിരിക്കുന്ന ലേഖനത്തിലാണ് ലൈംഗികതയുടെ ആവശ്യകതയും അതിന്റെ ആസ്വാദനവും സംബന്ധിച്ച് വിശദീകരിച്ചിട്ടുള്ളത്. രതിയും ആയുര്‍വേദവും എന്ന തലക്കെട്ടില്‍ നാല് പേജുകളിലായി മാഗസിനില്‍ ഡോ. സന്തോഷ് ആണ് ലേഖനം എഴുതിയിട്ടുള്ളത്. ലൈംഗികതയെ കുറിച്ച് ക്രൈസ്തവ പാരമ്പര്യ വിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് ലേഖനത്തിലുള്ളത്. മനസിന്റെയും ശരീരത്തിന്റെയും ആഘോഷമാണ് സെക്‌സ് എന്ന് ലേഖനം പറയുന്നു. ശാരീരകമായി ബന്ധപ്പെടാതെ പ്രണയം സമ്പൂര്‍ണമാകില്ല.
ലൈംഗികതയില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയാണെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു. ആണിന്റെയും പെണ്ണിന്റെയും ശരീരങ്ങള്‍ ശരിക്കും ഒന്നുചേരണമെങ്കില്‍ ഇരുവരുടെയും മനസുകള്‍ ഒരുപോലെ ലയിക്കണം. അല്ലാത്ത ലൈംഗികതയും പ്രണയവും സമ്പൂര്‍ണമാകില്ലെന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം. അതുപോലെ സ്ത്രീയുടെ ശരീരഘടനയും മാറിടത്തിന്റെ വലിപ്പവും നോക്കി നാലായി തരം തിരിക്കാമെന്ന് ലേഖനത്തില്‍ പറയുന്നു. ഇതിനായി വാഗ്ഭടന്റെ വിഖ്യാതമായ അഷ്ടാംഗ ഹൃദയത്തിലെ ചില ഭാഗങ്ങള്‍ ലേഖനത്തില്‍ എടുത്തുപറയുന്നു. പദ്മിനി, ചിത്രിണി, സംഘിണി, ഹസ്തിനി എന്നിങ്ങനെയാണ് സ്ത്രീകളെ തരം തിരിക്കുന്നത്. സ്ത്രീകളുടെ ശരീര ഘടനയും മാറിടത്തിന്റെ വലിപ്പവും പരിശോധിച്ചാല്‍ അവരുടെ ലൈംഗിക ശേഷി കണക്കാക്കാന്‍ സാധിക്കും. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാല് തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങനെ ഒരു പുരുഷന് ആരോഗ്യകരമായി ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് കാണിച്ചുതരുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. മനുഷ്യന് സന്തോഷകരമായ ജീവിതം നയിക്കണമെങ്കില്‍ അവശ്യം വേണ്ട ചില കാര്യങ്ങളും ഡോ. സന്തോഷ് എടുത്തുപറയുന്നു. ഭക്ഷണം, ഉറക്കം, വ്യായാമം, ലൈംഗികത എന്നിവയാണ് മനുഷ്യന് സന്തോഷ ജീവിതം നയിക്കാന്‍ വേണ്ട പ്രധാന കാര്യങ്ങള്‍.
വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ ലംഘിക്കാതെ ഋതുഭേതങ്ങള്‍, സ്ഥലം, കരുത്ത്, ശക്തി എന്നിവ നോക്കിയാകണം ഏത് തരത്തിലുള്ള ലൈംഗികതയിലും ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം പറയുന്നു. കാമസൂത്രവുമായി ബന്ധപ്പെട്ട ലേഖനം ആദ്യമായിട്ടാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് മാഗസിന്‍ എഡിറ്റര്‍ ഫാദര്‍ സേവിയര്‍ കുടിയാംശേരി പറയുന്നു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക എന്നതാണ് ലേഖനത്തിന്റെ ഉദ്ദേശം. അതേസമയം വിശ്വാസികള്‍ക്കിടയില്‍ ലേഖനത്തിനെതിരേ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ പലരും പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. ജീവിതത്തിന്റെ സമ്പൂര്‍ണതയ്ക്കുള്ള വഴിയാണ് ലേഖനം നിര്‍ദേശിക്കുന്നതെന്നും അതില്‍ തെറ്റ് കാണാന്‍ സാധിക്കില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. ആത്മീയതയുമായി ബന്ധപ്പെടുത്തി ലൈംഗികതയെ പാപമെന്നും തലമുറയെ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും പറയുന്ന പാരമ്പര്യ ക്രൈസ്തവ ബോധത്തെ മറികടന്നുള്ളതാണ് ലേഖനം. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രയെ കുറിച്ച് ആദ്യമായിട്ടാണ് മാഗസിനില്‍ ഒരു ലേഖനം വരുന്നത്. ദമ്പതികള്‍ക്കിടയിലെ ലൈംഗികത പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.








