ഗീതാപാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം മുസ്ലീം പെണ്‍കുട്ടിക്ക്

ലഖ്‌നൗവില്‍ നിന്നുള്ള അഫ്രീന റൗഫ് എന്ന ഈ മുസ്ലീംപെണ്‍കുട്ടിയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ താരം. സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ഗീതാപാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് അഫ്രീന വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മാസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഉത്തര്‍പ്രദേശ് എഡ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ ഗീതാ പാരായണമത്സരത്തില്‍ അഫ്രീനയും കൂട്ടുകാരും പങ്കെടുത്തത്. സ്‌കൂളിലെ അധ്യാപികയാണ് മത്സരത്തിലേക്ക് അഫ്രീനയുടെ പേര് നിര്‍ദേശിച്ചത്. സ്‌കൂള്‍ തലത്തില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ അഫ്രീനയുടെ മികച്ച പ്രകടനം കണ്ട് അധ്യാപകര്‍ തുടര്‍ന്ന് അവള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയായിരുന്നു.

അഫ്രീനയുടെ ഗീതാപാരായണം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ ഗീതാപാരായണ ദൃശ്യങ്ങള്‍ മതമൈത്രിയുടെ മാതൃകയായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ സന്തോഷത്തിലാണ് അഫ്രീന. ഗീതയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കണമെന്നും പുരാണഗ്രന്ഥങ്ങളെക്കുറിച്ച് ഗവേഷണം നടത്തണമെന്നുമാണ് അവളുടെ ആഗ്രഹം. മുസ്ലീമെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ അറിവ് നേടാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകണമെന്ന് അഫ്രീന പറയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരില്‍ക്കാണണമെന്നതാണ് അഫ്രീനയുടെ ആഗ്രഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഗീതാ ശ്ലോകങ്ങള്‍ ചൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ഭഗവദ്ഗീത പഠിക്കണമെന്ന് അഫ്രീന്‍ റൗഫിന് തോന്നി തുടങ്ങിയത്.