യു.കെയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
ലണ്ടന്‍: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ അധിവസിക്കുന്ന യു.കെയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് നിലവില്‍ വന്നു. ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിവസിക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി നടത്തിയ ശ്രമങ്ങളാണ് ആഗോള പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഡബ്‌ള്യു.എം.എഫുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യു.കെയിലെ മലയാളികളെ പ്രേരിപ്പിച്ചത്.
ആദ്യഘട്ടമെന്ന നിലയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു അഡ്ഹോക്ക് കമ്മിറ്റിയെ ഹാര്‍ലോയില്‍ നടന്ന യോഗം ചുമതലപ്പെടുത്തി. ബിജു മാത്യു (കോഓര്‍ഡിനേറ്റര്‍), സുഗതന്‍ തെക്കേപുര (ഈസ്റ്റ് ഹാം), സുജു ഡാനിയേല്‍ (ല്യൂട്ടന്‍), തോമസ് ജോണ്‍ (ഓസ്ഫോര്‍ഡ്), സണ്ണിമോന്‍ മത്തായി (വാട്ട്‌ഫോര്‍ഡ്), ജോസ് തോമസ് (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്), ജോജി ചക്കാലയ്ക്കല്‍ (ഓസ്ഫോര്‍ഡ്), ജോമോന്‍ കുന്നേല്‍ (സ്ലോ), ബിന്‍സോ ജോണ്‍ (ലെസ്റ്റര്‍), ആശ മാത്യു, ശാന്തിമോള്‍ ജോര്‍ജ് (വാട്‌ഫോര്‍ഡ്) എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് വേണ്ടി നിയമിതരായിരിക്കുന്നത്.
കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (സിറ്റി മേയര്‍, ലൗട്ടന്‍), ഹരിദാസ് തെക്കുംമുറി (ഇന്ത്യന്‍ എംബസി), ശ്രീകുമാര്‍ എസ്. (ആനന്ദ് ടി.വി) എന്നിവരെ ഡബ്‌ള്യു.എം.എഫ് യുകെയുടെ രക്ഷാധികാരികളായി ഹാര്‍ലോ യോഗം തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ സംഘടനയുടെ ഗ്ലോബല്‍ പ്രസിഡന്റ് പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ) സമ്മേനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെയും, ചുരുങ്ങിയ സമയംകൊണ്ട് എണ്‍പതോളം രാജ്യങ്ങളില്‍ സംഘടനാ വ്യാപിക്കാനുണ്ടായ സാഹചര്യവും വിവരിച്ചു. തുടര്‍ന്ന് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ നിവസിക്കുന്ന രാജ്യമെന്ന നിലയിലും, നിരവധി മലയാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന ഭൂപ്രദേശമെന്ന രീതിയിലും ഒരു ആഗോള പ്രവാസി സംഘടനയുടെ പ്രസക്തിയും, പ്രവര്‍ത്തന മണ്ഡലങ്ങളും യോഗം വിലയിരുത്തി.
വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടന സാന്നിദ്ധ്യമായി ഡബ്ള്യു.എം.എഫ് യു.കെയില്‍ നിലകൊള്ളുമെന്നും, വരും ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സംഘടനയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും യോഗം തീരുമാനമെടുത്തു.
ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും, സഹാനുഭൂതിയും സംഘടനാ പ്രവര്‍ത്തനങ്ങളും ഏകോപിച്ച് തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ള്യു.എം.എഫ്) എന്ന ആഗോള സംഘടനയ്ക്ക് ഇതിനോടകം 80-ലധികം രാജ്യങ്ങളില്‍ യൂണിറ്റുകള്‍ നിലവിലുണ്ട്.
കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.









