ഉപരാഷ്ട്രപതിയെ പോലും പറ്റിച്ച് രാജ്യത്തെ പരസ്യക്കാര്‍ ; കാശ് കൊടുത്തപ്പോള്‍ മരുന്നിന് പകരം നല്‍കിയത് ഒഴിഞ്ഞ പെട്ടികള്‍
ന്യൂഡല്‍ഹി : തെറ്റിധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കുവാന്‍ കേന്ദ്രം തീരുമാനിച്ചത്തിന്‍റെ ഇടയില്‍ പരസ്യക്കാര്‍ കാരണം കാശ് നഷ്ടമായ തന്‍റെ അനുഭവം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട ഗുളികകള്‍ വാങ്ങാന്‍ ശ്രമിച്ച് തനിക്ക് 1230 രൂപ നഷ്ടമായെന്നാണ് അദ്ധേഹം പറയുന്നത്. അതും ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തതിനു ശേഷം. ഉപരാഷ്ട്രപതിയായതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഒന്നില്‍ ഞാന്‍ ഒരു പരസ്യം കാണാനിടയായി. 28 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കുമെന്ന് ഉറപ്പു നല്‍കുന്നതായിരുന്നു അത്. ഞാന്‍ കുറച്ചാളുകളോട് സംസാരിച്ചു. അത് വാസ്തവമാകില്ലെന്ന് അവര്‍ പറയുകയും ചെയ്തു.
എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞ് ഞാന്‍ പിന്നെയും ആ പരസ്യം കണ്ടു. ഉപഭോക്താവ് 1230 രൂപ നല്‍കണമെന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഞാന്‍ പണം അടച്ചു. എന്നാല്‍ ഗുളികകള്‍ക്ക് പകരം മറ്റൊരു ഒഴിഞ്ഞ പെട്ടിയാണ് ലഭിച്ചത്. ഗുളികകള്‍ ലഭിക്കണമെങ്കില്‍ 1000 രൂപകൂടി അടയ്ക്കണമെന്നായിരുന്നു ആ പെട്ടിയില്‍ ഉണ്ടായിരുന്ന നിര്‍ദേശം. തുടര്‍ന്ന് ഉപഭോക്തൃ കാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. അമേരിക്കയില്‍നിന്നുള്ള പരസ്യമായിരുന്നു അതെന്ന് മനസിലായത് അപ്പോഴാണ്. എന്നാല്‍ ഏതു രാജ്യത്തെ പരസ്യമോ ആയിക്കോട്ടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റിധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് രാജ്യസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം തന്‍റെ അനുഭവം പങ്കുവെച്ചത്.