കോടികള്‍ മുടക്കി നിര്‍മ്മിച്ച ടെര്‍മിനല്‍ നോക്ക് കുത്തി ; മഴയും വെയിലും കൊണ്ട് ദുരിതത്തില്‍ യാത്രക്കാര്‍ (വീഡിയോ)
തിരുവനന്തപുരം : തിരുവനന്തപുരം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഒന്നാണ് കെ എസ് ആര് ടി സിയുടെ സെന്‍ട്രല്‍ ബസ് സ്റ്റേഷന്. മുന്‍പ് സ്ഥിതി ചെയ്തിരുന്ന ബസ് സ്റ്റാന്റ് പൊളിച്ചു കളഞ്ഞ ശേഷം സിനിമാ തിയറ്റര്‍, ഷോപ്പിംഗ് മാള്‍ എന്നിവക്കുള്ളത് എന്ന പേരിലാണ് ഈ 12 നില സൌധം സര്‍ക്കാര്‍ പണിക്കഴിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉത്ഘാടനം നടത്തുകയും ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഉത്ഘാടനം നടന്ന് വര്‍ഷം നാല് തികയാറായിട്ടും ഇതുവരെ പദ്ധതിയില്‍ പറഞ്ഞ ഒന്നും തന്നെ ഇവിടെ നടപ്പിലായിട്ടില്ല. ആകെ കുറച്ചു ചായക്കടകളും , അല്ലാതെയുള്ള ഷോപ്പുകളും വന്നത് മിച്ചം. കുറച്ചു ഭാഗം പാര്‍ക്കിങ്ങിനു പോയത് ഒഴിച്ചാല്‍ ബാക്കി എല്ലാ നിലകളും ഒഴിഞ്ഞു കിടക്കുകയാണ് ഇപ്പോഴും. കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ഇതിന്റെ പേരില്‍ നഷ്ട്ടമായിക്കൊണ്ടിരിക്കുന്നത്. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലെയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ എസ് ആര് ടി സിയാണ് ഇതിന്റെ ഉടമസ്ഥനും നടത്തിപ്പുകാരും.
അതുപോലെ തന്നെയാണ് ബസുകള്‍ നിര്‍ത്തി ഇടാനും പുറപ്പെടാനും ഉള്ള സ്ഥലവും. ഇത്ര വലിയ കെട്ടിടം ഉണ്ടായിട്ടും മഴയും വെയിലും കൊണ്ട് ബസ് കാത്തു നില്ക്കുവാനാണ് യാത്രകാര്‍ക്ക് വിധിച്ചിട്ടുള്ളത്. നിലവില്‍ കെ എസ് ആര് ടി സിയുടെ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനും ആളെ കെറ്റാനും മാത്രമേ ടെര്‍മിനലില്‍ സാഹചര്യം ഉള്ളു. അല്ലാത്ത ബസുകള്‍ ടെര്‍മിനലിന്റെ മുന്പില് നിന്നാണ് പുറപ്പെടുന്നത്. മുഖ്യമായും നാഗര്‍കോവില്‍ കന്യാകുമാരി എന്നീ റൂട്ടുകളില്‍ പോകുന്ന യാത്രക്കാര്‍ക്കാണ് ഏറ്റവും ദുരിതം. അവര്‍ക്ക് കയറി നില്ക്കാന് ഒരു ഷെഡ് പോലും ഇല്ലാത്ത അവസ്ഥയാണ്. പ്രായമായവരും കുഞ്ഞുങ്ങളും എല്ലാം വെയിലും മഴയും സഹിച്ചാണ് ഇവിടെ ബസ് കാത്തു നില്‍ക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ അനാസ്ഥ ഇപ്പോഴും തുടരുകയാണ്. ആര്‍ക്കും ഗുണം ഇല്ലാതെ കോടികള്‍ പാഴാക്കി നിര്‍മ്മിച്ച കെട്ടിടം അനാഥമായി കിടക്കുമ്പോള്‍ തന്നെയാണ് അതിന്റെ മുന്പില് ഇത്തരത്തില്‍ ഒരു അനീതി അരങ്ങേറുന്നത്.