ആഷസ് ടെസ്റ്റ്:അവസാന ഓവറുകളില്‍ മേല്‍ക്കൈ പിടിച്ചുവാങ്ങി ഓസ്‌ട്രേലിയ;മികച്ച തുടക്കം മുതലാക്കാനാകാതെ ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യദിനം ഇംഗ്ലണ്ട് 233/5 എന്ന നിലയില്‍. മഴ മൂലം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ലഞ്ച് നേരത്തെയാക്കി കളി പുനക്രമീകരിച്ചപ്പോള്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാറ്റ്‌സ്മാന്മാര്‍ക്കെല്ലാം തന്നെ അആശിച്ച തുടക്കം ലഭിച്ചുവെങ്കിലും ക്രീസില്‍ അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.അര്‍ദ്ധ ശതകം തികച്ച ക്യാപ്റ്റന്‍ ജോ റൂട്ടും ദാവീദ് മലനും മാത്രമായിരുന്നു ഇംഗ്ലണ്ട് നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്ത് നില്‍പ്പ് നടത്തിയത്.റൂട്ട് 83 റണ്‍സ് നേടി പുറത്തായപ്പോള്‍ ദാവീദ് മലന്‍ 55 റണ്‍സുമായി ക്രീസില്‍ പുറത്താകാതെ നില്‍ക്കുന്നു. 5 റണ്‍സ് നേടിയ ജോണി ബൈര്‍‌സ്റ്റോ പുറത്തായപ്പോള്‍ 81.4 ഓവറുകള്‍ എറിഞ്ഞ ആദ്യ ദിവസത്തെ കളി നിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

228/3 എന്ന നിലയില്‍ ശക്തമായി മുന്നേറുകയായിരുന്ന ഇംഗ്ലണ്ടിനെ അവസാന രണ്ട് ഓവറുകളില്‍ വീഴ്ത്തിയ വിക്കറ്റുകളുടെ ബലത്തില്‍ ഓസ്‌ട്രേലിയ പിടിച്ചുകെട്ടുകയായിരുന്നു. ഇംഗ്ലണ്ടിനു മുന്‍തൂക്കമുള്ള ആദ്യ ദിവസമെന്ന നിലയില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ടെസ്റ്റില്‍ ഈ വിക്കറ്റുകളിലൂടെ ഓസ്‌ട്രേലിയ നടത്തിയത്.

അലിസ്റ്റര്‍ കുക്ക്(39), മാര്‍ക്ക് സ്റ്റോണ്‍മാന്‍(24), ജെയിംസ് വിന്‍സ്(25) എന്നിവരാണ് പുറത്തായ മറ്റു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍. ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് ഒരു വിക്കറ്റ്.