ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ഇന്ത്യ തുടങ്ങി;12 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ട്ടമായ ആതിഥേയര്‍ പരുങ്ങലില്‍
കേപ്ടൗണ്‍: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് മോശം തുടക്കം.12 റണ്‍സ് നേടുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 64-ന് മൂന്ന് എന്ന നിലയിലാണ്. ഭുവനേശ്വര്‍ കുമാര്‍ ആണ് ആദ്യ മൂന്ന് വിക്കറ്റും വീഴ്ത്തിയത്.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ എല്‍ഗറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നല്‍കി. അക്കൗണ്ട് തുറക്കും മുന്‍പ് എല്‍ഗര്‍ ക്രീസ് വിട്ടു.പിന്നീട് മൂന്നാം ഓവറില്‍ ഭുവന്വേശര്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. അഞ്ചു റണ്‍സെടുത്ത എയ്ഡന്‍ മക്രാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അപകടകാരിയായ ഹാഷിം അംലയെയും ഭുവനേശ്വര്‍ പുറത്താക്കി.മൂന്നു റണ്‍സെടുത്ത അംലയെ നിലയുറപ്പിക്കുംമുന്‍പ് ഭുവനേശ്വര്‍ കീപ്പര്‍ സാഹയുടെ കൈകളിലെത്തിക്കുകയായിരുന്നു.
ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയിറങ്ങിയത്. ബുംറയുടെ അരങ്ങേറ്റമാണിത്. ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പടെ നാല് പേസര്‍മാരും ആര്‍.അശ്വിനുമാണ് ബൗളിങ് നിരയില്‍ അണിനിരക്കുന്നത്. പരിക്കിന്റെ പിടിയില്‍ ആയതോടെ ധവാന്‍ ആദ്യ കളിക്ക് ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ധവാന്‍ തന്നെയാവും ഇന്ത്യയുടെ ഓപ്പണര്‍. ധവാന്‍ മുരളി വിജയിക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.