‘മേക്ക് ഇന്‍ ഇന്ത്യ’യ്ക്ക് തിരിച്ചടി;32,000 കോടിയുടെ പ്രതിരോധ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി 32,000 കോടിയുടെ കപ്പല്‍ നിര്‍മാണ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു.കടലിനടിയില്‍ നിക്ഷേപിച്ചിരിക്കുന്ന മൈനുകള്‍ നീക്കംചെയ്യുന്നതിനുള്ള 12 കപ്പലുകളുടെ നിര്‍മാണത്തിന് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതിയാണ് റദ്ദാക്കിയിരിക്കുന്നത്.

കടലിനടിയിലെ മൈനുകള്‍ കണ്ടെത്തി നീക്കംചെയ്യുന്നതിനും നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അത്യാധുനിക എം.സി.എം.വി വിഭാഗത്തില്‍പ്പെടുന്ന കപ്പലുകള്‍ നിര്‍മിക്കുന്നത്തിനുള്ള പദ്ധതിയായിരുന്നു. ഗോവ ഷിപ്യാഡിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഗോവന്‍ ഷിപ്യാഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എം.സി.എം.വി പദ്ധതിയ്ക്കായി പുതുതായി നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ദക്ഷിണ കൊറിയയുമായുള്ള ധാരണയില്‍ മാറ്റംവന്നതാണ് പദ്ധതി തടസ്സപ്പെടുന്നതിനും വൈകുന്നതിനും ഇടയാക്കിയത്. സാങ്കേതികവിദ്യ കൈമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്ന് നിലപാട് മാറ്റം ഉണ്ടായതായും സൂചനയുണ്ട്.

ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് കടലില്‍ 24 കപ്പലുകളാണ് ഇത്തരത്തില്‍ ആവശ്യമുള്ളത്. എന്നാല്‍ നിലവില്‍ 30 വര്‍ഷത്തിലധികം പഴക്കമുള്ള നാല് കപ്പലുകളാണ് ഇന്ത്യയ്ക്ക് ഈ ആവശ്യത്തിനുള്ളത്. ഇത് നാവികസ സേനയുടെ വലിയൊരു ദൗര്‍ബല്യമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച്, ചൈനയുടെ മൈനുകള്‍ നിക്ഷേപിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കപ്പലുകളുടെ സാന്നിധ്യം ഇന്ത്യന്‍ സമുദ്രമേഖലയില്‍ ഉള്ള സാഹചര്യത്തില്‍.

മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രതിരോധമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.എന്നാല്‍ പദ്ധതികളെല്ലാം വ്യത്യസ്ത ഘട്ടങ്ങളില്‍ നിലച്ചിരിക്കുകയാണ്. ഒന്നിന്റെയും അവസാനവട്ട കരാറുകള്‍ ഉണ്ടാക്കാന്‍ പോലും സാധിച്ചിട്ടില്ല.