ദക്ഷിണാഫ്രിക്കന്‍ പേസ് പടയുടെ മുന്‍പില്‍ അടിപതറി ഇന്ത്യ ; ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക്
ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ തോല്‍വി. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 135 റണ്‍സിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക വിജയമാഘോഷിച്ചത്. വിജയം ഇന്ത്യക്ക് ആകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന വേളയിലാണ് മത്സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര ഒന്നൊന്നായി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കേപ്ടൗണില്‍ കണ്ടത്.
ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറായിരുന്നു കൂടുതല്‍ അപകടകാരി. മോര്‍ക്കലും റബാദയും രണ്ടു വിക്കറ്റുമായി ഫിലാന്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കി. നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സില്‍ 130 റണ്‍സെടുത്ത് 208 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെയ്ക്കുകയായിരുന്നു. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ബൗളിങ് പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര തകരുകയായിരുന്നു.