ജനപ്രതിനിധിയെ നിശബ്ദനാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന: കേന്ദ്രത്തെ വെല്ലുവിളിച്ച് മേവാനിയുടെ റാലി
ന്യൂഡല്‍ഹി:സാമൂഹിക നീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റാലി.സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റാലിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം മേവാനിയും സംഘവും റാലി സംഘടിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തെ നേരിടാന്‍ ജലപീരങ്കി ഉള്‍പ്പെടെയുള്ള തയാറെടുപ്പുകളുമായി ഡല്‍ഹി പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദലിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ‘നിര്‍ഭാഗ്യകര’മാണെന്ന് മേവാനി പ്രതികരിച്ചു. ജനാധിപത്യപരമായി സമാധാനപൂര്‍വം റാലി നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്ന് മേവാനി ആരോപിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത അവരുടെ പ്രതിനിധിയെയാണ് സര്‍ക്കാര്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും മേവാനി ചൂണ്ടിക്കാട്ടി.
സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റാലിയില്‍ ജിഗ്നേഷ് മേവാനി, അസമില്‍ നിന്നുള്ള യുവജന നേതാവ് അഖില്‍ ഗോഗോയ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പ്രകടനം നടത്താതിരിക്കാനുള്ള ശ്രമങ്ങള്‍ പലഭാഗത്തു നിന്നുമുണ്ടെന്നു സംഘാടന സമിതിയുടെ നേതൃത്വംവഹിക്കുന്ന മോഹിത് കുമാര്‍ പാണ്ഡെ ആരോപിച്ചു.പ്രകടനം നടത്താതിരിക്കാന്‍ ശ്രമമുണ്ടായിട്ടും റാലിക്ക് വാന്‍ ജനപിന്തുണയാണുണ്ടായിരിക്കുന്നത്. റാലി പ്രഖ്യാപിച്ചതിനു പിന്നാലെ മേവാനിയെ ദേശവിരുദ്ധനെന്നു മുദ്രകുത്തിയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ഇതിനു തെളിവാണെന്നും പാണ്ഡെ ചൂണ്ടിക്കാട്ടി.