ശ്രീജീവിന്റെ മരണം ; കേസ് സി ബി ഐക്ക് വിടാന്‍ കഴിയില്ല എന്ന് സര്‍ക്കാരിന് കേന്ദ്രത്തിന്‍റെ മറുപടി
നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ കഴിയില്ല എന്ന് കേരളസര്‍ക്കാരിന് കേന്ദ്രത്തിന്‍റെ മറുപടി. കേസില്‍ അസ്വഭാവികമായി ഒന്നും തന്നെ ഇല്ല എന്നും അതുകൊണ്ട് കേസ് സ്വീകരിക്കാന്‍ കഴിയില്ല എന്നുമാണ് കേന്ദ്രം കേരളത്തിന് കത്തയച്ചത്. എന്നാല്‍, ആവശ്യമുന്നയിച്ച് കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് 764 ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുകയാണ്. 2014ലാണ് പോലീസ് കസ്റ്റഡിയിലായിരിക്കെ ശ്രീജീവ് മരിച്ചത്.
പോലീസുദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലാണ് ശ്രീജിത്തിന്‍റെ സഹോദരനെ പോലീസ് കൊലപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. ഇവരുടെ നാട്ടുകാരായ നാലു പോലീസുകാരാണ് യുവാവിനെ മര്‍ദ്ദിച്ചതും കൊന്നതും. അവരെല്ലാം കൂടി കൊന്നുകളഞ്ഞ കൂടപ്പിറപ്പിന് വേണ്ടി നീതി തേടിയാണ് ശ്രീജിത്ത് രണ്ടരവര്‍ഷമായി തെരുവില്‍ കിടക്കുന്നത്. അതേസമയം കൊലയാളികളായ പോലീസുകാര്‍ പ്രമോഷനും വാങ്ങി സുഖജീവിതം നയിക്കുകയാണ് ഇപ്പോള്‍. പാറശാല സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജീവ് പ്രണയത്തിലായിരുന്നതാണ് ഈ ക്രൂരമായ കൊലപാതകത്തിലെ പോലീസിനെ നയിച്ചതെന്ന ശ്രീജിത്തിന്റെ ആരോപണം ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോര്‍ട്ട് ശരിവച്ചിട്ടുണ്ട്.




