കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ച ശേഷം യുവതി കാമുകന്‍റെ കൂടെ നാടുവിട്ടു

പാലക്കാട്ടാണ് സംഭവം. അവിടെ കിഴക്കോത്ത് എളേറ്റില്‍ വട്ടോളി സ്വദേശിനിയായ 24-കാരിയാണ് വീടുവിട്ടിറങ്ങിയശേഷം മൂന്ന് വയസ്സുള്ള മകനെ പാലക്കാട്ടുള്ള ഒരു ജൂവലറിയില്‍ ഉപേക്ഷിച്ച് കാമുകന്‍റെ കൂടെ കടന്നു കളഞ്ഞത്. ജനുവരി പത്തിനാണ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കാസര്‍കോട്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിനിടെ കുഞ്ഞിനെ യുവതി പാലക്കാട്ടെ ഒരു ജൂവലറിയില്‍ ഉപേക്ഷിക്കുകയും തുടര്‍ന്ന്‍ തന്‍റെ വീട്ടുകാരെ വിളിച്ചു വിവരം പറയുകയും ചെയ്തു.

ഈ വിവരം ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പാലക്കാട് സൗത്ത് പോലീസ് കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കൊടുവള്ളി പോലീസ് പാലക്കാട്ടെത്തി കുട്ടിയെ വീണ്ടെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വി.യില്‍നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ മൈസൂരിലാണ് ഉള്ളത് എന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം നടത്തി വരികയാണ്.